യു.എ.ഇ-ഒമാൻ റെയിൽ പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കും
text_fieldsദുബൈ: യു.എ.ഇയിലെ അബൂദബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി യോഗം ചേർന്ന ശേഷമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ബന്ധവും കൂടുതൽ ഊഷ്മളമാക്കുമെന്നും കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചരക്ക്, പാസഞ്ചർ ട്രെയിനുകളാണ് പദ്ധതിയിലുള്ളത്.
ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടന്ന കമ്പനിയുടെ യോഗത്തിൽ യു.എ.ഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രിയും ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ചെയർമാനുമായ സുഹൈൽ അൽ മസ്റൂയി, ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും റെയിൽവേ ബോർഡ് വൈസ് ചെയർമാനുമായ സഈദ് അൽ മവാലി എന്നിവരും പങ്കെടുത്തു. പദ്ധതിയിലെ 303 കി.മീറ്റർ പാതയുടെ വികസനത്തിനായി അബൂദബിയിലെ നിക്ഷേപ സംവിധാനമായ ‘മുബാദല’യുമായി കഴിഞ്ഞമാസം കരാർ ഒപ്പുവെച്ചിരുന്നു. ഇതടക്കമുള്ള വിഷയങ്ങളും എൻജിനീയറിങ് ഡിസൈൻ അവലോകനവും സിസ്റ്റം പഠനങ്ങളുടെ ഫലങ്ങളും ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കുവെച്ചു. റെയിൽ പാതയുടെ സുഗമമായ സഞ്ചാരത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളും സംയോജിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
അബൂദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. 303 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഓടുക. ഇതിലൂടെ സുഹാറിൽ നിന്ന് അബൂദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും 40 മിനിറ്റുമായും സുഹാറിൽ നിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും.
ഇതേ പാതയിലൂടെ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വരെ വേഗതയിലാണ് സഞ്ചരിക്കുക. ഇതിലൂടെ വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടെയ്നറുകളും എത്തിക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. റെയിൽപാത വരുന്നത് ഇരു രാജ്യങ്ങളും തമ്മിലെ വിനോദസഞ്ചാര സാധ്യതകളും വർധിപ്പിക്കും. മേഖലയിലേക്ക് വിദേശനിക്ഷേപം വർധിപ്പിക്കാനും ഇതുപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ പദ്ധതി എപ്പോൾ പൂർത്തിയാകുമെന്ന് നിശ്ചയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

