യു.എ.ഇ-ഒമാൻ ചരക്ക് ട്രെയിൻ സർവിസ് പ്രഖ്യാപിച്ചു; നോതം ലോജിസ്റ്റിക്സും എ.ഡി പോർട്സ് ഗ്രൂപ്പും കരാർ ഒപ്പുവെച്ചു
text_fieldsഅബൂദബി: ഒമാനിലെ സോഹാറിനേയും യു.എ.ഇയിലെ അബൂദബി എമിറേറ്റിനേയും ബന്ധിപ്പിക്കുന്ന ഹഫീത് ചരക്ക് ട്രെയ്ൻ സർവിസ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച കരാറിൽ ഹഫീത് റെയിൽ കമ്പനിയുമായി നോതം ലോജിസ്റ്റിക്സും എ.ഡി പോർട്സ് ഗ്രൂപ്പ് കമ്പനിയും ഒപ്പുവെച്ചു. അബൂദബി പോർട്സ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനമാണ് നോതം ലോജിസ്റ്റിക്സ്. അബൂദബിയിൽ നടക്കുന്ന ഗ്ലോബൽ റെയിൽ 2025 എക്സിബിന്‍റെ ഭാഗമായാണ് കരാർ യാഥാർഥ്യമായത്. ഇരുരാജ്യങ്ങൾക്കുമിടയിൽ ചരക്ക് ഗതാഗതം ശക്തിപ്പെടുത്താൻ പുതിയ കരാർ സഹായകമാവും.
കരാർ പ്രകാരം നോതം ലോജിസ്റ്റിക്സ് ഹഫീത് റെയിൽ ശൃംഖല ഉപയോഗിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രതിദിന സർവിസ് ആരംഭിക്കും. ആഴ്ചയിൽ ഏഴ് കണ്ടെയ്നർ ട്രെയ്നുകൾ ഉപയോഗിച്ചായിരിക്കും സർവിസ് നടത്തുക. ഓരോ കണ്ടെയ്നറിനും 276 ടി.ഇ.യു ശേഷിയുണ്ടാകും. അതായത് പ്രതിവർഷം 193,200 ടി.ഇ.യു യൂനിറ്റായിരിക്കും ശേഷി. 20, 40, 45 അടി കണ്ടെയ്നറുകളാണ് സർവിസിനായി ഉപയോഗപ്പെടുത്തുക.
ഇതിലൂടെ കൂടുതൽ ചരക്കുകൾ വിശ്വസനീയമായി എത്തിക്കാനാവും. ജനറൽ കാർഗോ, ഭക്ഷ്യവസ്തുക്കൾ, വിവിധ ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കാർഷിക ഭക്ഷ്യ വസ്തുക്കൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയായിരിക്കും ചരക്ക് ട്രെയ്നുകൾ വഴി കൊണ്ടുപോകുക. മേഖലയിലെ തന്ത്രപ്രധാനമായ രണ്ട് കേന്ദ്രങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുന്നതിലൂടെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനും സുസ്ഥിരവുമായ ഗതാഗത മാർഗങ്ങൾ പ്രയോജപ്പെടുത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനും കഴിയുമെന്ന് നോതം ലോജിസ്റ്റിക്സ്, എ.ഡി പോർട്സ് ഗ്രൂപ്പ് സി.ഇ.ഒ സമിർ ചതുർവേദി പറഞ്ഞു.
ഹ്രസ്വ ദൂരങ്ങളിലേക്കും ദീർഘദൂരങ്ങളിലേക്കും വലിയ അളവിൽ ചരക്കുകൾ നീക്കുന്നതിന് റോഡ് ഗതാഗതത്തേക്കാൾ റെയിൽ സർവിസിന് ചെലവ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിലെ സുഹാർ നഗരത്തെയും യു.എ.ഇയിലെ അബൂദബി എമിറേറ്റിനെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയിൽ ശൃംഖലക്ക് 238 കിലോമീറ്ററാണ് നീളം. 300 കോടി യു.എസ് ഡോളറാണ് നിർമാണ ചെലവ്. അതേസമയം, എന്ന് മുതൽ സർവിസ് ആരംഭിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

