വാഹനമോടിക്കുമ്പോള്‍ റോഡിലാവണം ശ്രദ്ധ; അപകടദൃശ്യം പങ്കുവെച്ച് പൊലീസ്
text_fieldsഅബൂദബി: മറ്റൊരു വാഹനമിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ വഴിയരികിലെ ഇരുമ്പുവേലിയില്‍ ഇടിച്ചുകയറി. റോഡ് കാമറയിലാണ് അപകടദൃശ്യം പതിഞ്ഞത്. റോഡിന്റെ വലത്തേ ലെയിനിലൂടെ വേഗത കുറച്ചുപോവുകയായിരുന്ന കാറിന് പിന്നിലെ ബമ്പറില്‍ പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.
വാഹനമോടിക്കുമ്പോള്‍ റോഡിലാവണം ശ്രദ്ധയെന്നും അല്ലാത്തപക്ഷം ഇതുപോലുള്ള അപകടങ്ങള്‍ സംഭവിക്കുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി. പിന്നാലെ വന്ന കാറിന്റെ ഡ്രൈവര്‍ ഇടി ഒഴിവാക്കാന്‍ വാഹനം വെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും അപകടകരമായ പ്രവണതയാണെന്ന് അബൂദബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
വാഹനമോടിക്കുന്നതിനിടെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയോ ഫോണ്‍ ചെയ്യുകയോ ഫോട്ടോയോ സെല്‍ഫിയോ എടുക്കുകയോ ചെയ്യരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിന് 800 ദിര്‍ഹമാണ് പിഴ. ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്റും ചുമത്തും.

