യു.എ.ഇ സ്വദേശിവത്കരണം: ലക്ഷ്യം പൂർത്തീകരിക്കാത്തവർക്കെതിരെ ഇന്ന് മുതല്‍ നടപടി
text_fieldsദുബൈ: മാനവ വിഭവശേഷി, സ്വദേശിവതക്രണ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ പദ്ധതി നടപ്പാക്കത്തവർക്കെതിരെ ജനുവരി ഒന്ന് മുതൽ നടപടി സ്വീകരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ഡിസംബര്‍ 31നകം രണ്ട് ശതമാനം കൂടി സ്വദേശിവത്കരണം നടത്താനാണ് മന്ത്രാലയം നിർദേശം നല്‍കിയിരുന്നത്. 50ലേറെ ജീവനക്കാരുള്ള സ്വകാര്യകമ്പനികള്‍ കഴിഞ്ഞവര്‍ഷം വിവിധ ഘട്ടങ്ങളിലായി എട്ട് ശതമാനം വരെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.
സ്വദേശികളെ നിയമിക്കാത്ത ഓരോ സ്ഥാപനത്തിനും ആളൊന്നിന് പ്രതിമാസം 8,000 ദിര്‍ഹം അതായത് വര്‍ഷത്തില്‍ 96,000 ദിര്‍ഹം പിഴ ഈടാക്കും. ഈ വര്‍ഷം മുതല്‍ പ്രതിമാസ പിഴ 9,000 ദിര്‍ഹമായി വര്‍ധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളും കഴിഞ്ഞ വര്‍ഷാവസാനത്തോടെ ടാർഗറ്റായ ഒരു സ്വദേശിയെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു.
സ്വദേശിവല്‍ക്കരണത്തില്‍ കൃത്രിമം കാണിക്കുന്ന കമ്പനികള്‍ക്കുനേരെ അഞ്ച് ലക്ഷം ദിര്‍ഹം വരെ കനത്ത പിഴ ചുമത്തും. അതേസമയം, പിഴ ചുമത്തപ്പെടുന്ന കമ്പനികള്‍ക്ക് ആറുമാസത്തിലൊരിക്കല്‍ 48,000 ദിര്‍ഹം വീതം ഒന്നിച്ച് അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ കമ്പനിയുടെ പ്രവര്‍ത്തനാനുമതിയെ ബാധിക്കുകയും മറ്റ് സര്‍ക്കാര്‍ സേവനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യും. നിയമലംഘകരെ കണ്ടെത്താന്‍ ഈ മാസം മുതല്‍ വ്യാപക പരിശോധന നടത്താനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.
ചെറുകിട കമ്പനികള്‍ക്കും നിയമം ബാധകമാണ്. 2024ല്‍ ഒരാളെയും 2025ല്‍ രണ്ടാമത്തെ സ്വദേശിയെയും ചെറുകിട കമ്പനികള്‍ നിയമിക്കണമെന്നായിരുന്നു നിബന്ധന. സ്വകാര്യ സ്ഥാപനങ്ങളിൽ നിയമിക്കുന്ന ഇമാറാത്തികൾക്ക് മിനിമം വേതനം 6,000 ദിർഹമായി കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. നിലവിൽ 5,000 ദിർഹമാണ് മിനിമം വേതനം. പുതുക്കിയ വേതന വ്യവസ്ഥ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാവും. പൗരൻമാർക്ക് പുതിയ വർക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോൾ മാറ്റങ്ങൾ വരുത്തുമ്പോൾ പുതുക്കിയ വേതന വ്യവസ്ഥകൾ ബാധകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

