ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയമായി യു.എ.ഇ മാതൃക
text_fieldsദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഡോ. ഷംഷീർ വയലിൽ സംസാരിക്കുന്നു
ദുബൈ: ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ ആരോഗ്യ സേവന ദാതാക്കൾക്കുള്ള പങ്ക് സംബന്ധിച്ച പാനൽ ചർച്ചയിൽ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ യു.എ.ഇയിൽ ബുർജീൽ നടപ്പാക്കിയ മാതൃക അവതരിപ്പിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിഗണനകൾ ആരോഗ്യ പരിപാലനത്തിൽ ഉൾപ്പെടുത്താനായി സ്ഥാപിച്ച ബുർജീൽ ഹോൾഡിങ്സ് സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ പ്രവർത്തനങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിരോധ തന്ത്രങ്ങളും കൗൺസലിങ്ങും നേരിട്ട് ക്ലിനിക്കൽ കെയറിലേക്ക് ഉൾച്ചേർത്ത് സംയോജിതമായ പ്രവർത്തനങ്ങളാണ് കേന്ദ്രം നടത്തുന്നത്.
വിവിധ ഡിപ്പാർട്ട്മെന്റുകളിലുള്ള വിദഗ്ധ ഡോക്ടർമാരെ ഒന്നിപ്പിച്ച് കേസുകൾ പരിശോധിക്കുന്നതോടൊപ്പം കാലാവസ്ഥാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വെല്ലുവിളികൾ കണ്ടെത്താൻ വിപുലമായ ആരോഗ്യ സ്ക്രീനിങ്ങുകളും ഇതിലൂടെ ലക്ഷ്യമിടുന്നു.
അടുത്തിടെ ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ധവള പത്രത്തിൽ ബുർജീൽ ഹോൾഡിങ്സ് സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് ഹെൽത്തിന്റെ മാതൃക പരാമർശിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ആരോഗ്യ സംരക്ഷണ ദാതാക്കൾക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നതിന് തെളിവാണ് ഇത്തരം ഇടപെടലുകളെന്ന് ഡോ. ഷംഷീർ പറഞ്ഞു.
ഇറ്റലിയൻ ആരോഗ്യമന്ത്രി ഡോ. ഒറാസിയോ ഷില്ലാസി അടക്കമുള്ള ആഗോള വിദഗ്ധർ ചർച്ചയിൽ പങ്കെടുത്തു. വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണവും കൂട്ടായ പ്രവർത്തനങ്ങളും കൃത്യമായ നിക്ഷേപങ്ങളും മേഖലയിൽ ആവശ്യമാണെന്ന് ഇവർ വിലയിരുത്തി. അർബുദ നിർണയവും ചികിത്സാ ലഭ്യതയും മെച്ചപ്പെടുത്താനും ചെലവ് കുറക്കുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രത്യേക ചർച്ചയും ദാവോസിൽ ബുർജീൽ ഹോൾഡിങ്സ് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

