ഉദ്യോഗസ്ഥ മേധാവിത്വം ഇല്ലാതാക്കാൻ സമഗ്ര പദ്ധതിയുമായി ആരോഗ്യ വകുപ്പ്
text_fieldsദുബൈ: ഉദ്യോഗസ്ഥ മോധാവിത്വം ഇല്ലാതാക്കുന്നതിനും രാജ്യവ്യാപകമായി ആരോഗ്യ സുരക്ഷ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സമഗ്രപദ്ധതി പ്രഖ്യാപിച്ച് ആരോഗ്യ പ്രതിരോധമന്ത്രാലയം. ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് ആരോഗ്യ മേഖലയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം പുനർനിർവചിക്കുന്നതിനുമാണ് സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സുസ്ഥിരവും സ്മാർട്ടും ഉപഭോക്തൃ കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് നൂതന സംവിധാനങ്ങൾ നടപ്പാക്കും. സേവനങ്ങളുടെ വിതരണം വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിന് ഡിജിറ്റൽ ചാനലുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിലാണ് സംരംഭം ശ്രദ്ധകേന്ദ്രീകരിക്കുക.
പദ്ധതിയുടെ ഫീഡ് ബാക് ശേഖരിക്കുന്നതിനായി ഉപഭോക്തൃ കൗൺസിലുകൾ, പങ്കാളി കേന്ദ്രീകൃതമായ വിവിധ ഗ്രൂപ്പുകൾ, നേരിട്ടുള്ള ഉപഭോക്തൃ അഭിമുഖം എന്നിവ നടപ്പാക്കും. കൂടാതെ ദേശീയ തലത്തിൽ ഏകീകൃത ലൈസൻസിങ് പ്ലാറ്റ്ഫോം വികസിപ്പിക്കും.
ഇതു വഴി എല്ലാ ആരോഗ്യ പ്രഫഷനലുകൾക്കുമുള്ള ലൈസൻസിങ് നടപടികൾ കേന്ദ്രീകൃതവും തടസ്സമില്ലാത്തതുമാകും. അതോടൊപ്പം മന്ത്രാലയത്തിന്റെ നിലവിലുള്ള ഡിജിറ്റൽ ലബോറട്ടറിയുടെ ഉപയോഗം പരമാവധിയാക്കാനായി ദേശീയ ഡിജിറ്റൽ എക്സ്പീരിയൻസ് സെന്റർ സ്ഥാപിക്കും. ഇതുവഴി സ്വകാര്യ, പ്രാദേശിക ഘടകങ്ങളുമായുള്ള സഹകരണം വ്യാപിപ്പിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ സപോർട്ട് സർവിസ് സെക്ടർ അസി. അണ്ടർ സെക്രട്ടറി അബ്ദുല്ല അഹ്മദ് അഹ്ലി പറഞ്ഞു. വലിയ രീതിയിലുള്ള സേവന റീ എൻജിനീയറിങ് പദ്ധതിക്കായി മന്ത്രാലയം പ്രവർത്തിച്ചുവരുകയാണ്.
ഇത് അതിന്റെ എല്ലാ സേവനങ്ങളും പുനർരൂപകൽപന ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു. വിവിധ ഓഹരി ഉടമകളുടെയും തന്ത്രപരമായ പങ്കാളികളുടെയും സഹകരണത്തോടെയാണ് പദ്ധതി വികസിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

