യു.എ.ഇ മന്ത്രാലയങ്ങളുടെ സംഭരണം; ലുലു ഹോൾഡിങ്സുമായി കരാറായി
text_fieldsയു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇ മന്ത്രാലയങ്ങളുടെ ഡിജിറ്റൽ സംഭരണ സംവിധാനവുമായി സഹകരിക്കാൻ ലുലു ഹോൾഡിങ്സ് കരാറിൽ ഒപ്പുവെക്കുന്നു
ദുബൈ: യു.എ.ഇ മന്ത്രാലയങ്ങളുടെ ഡിജിറ്റൽ സംഭരണ സംവിധാനവുമായി സഹകരിക്കാൻ ലുലു ഹോൾഡിങ്സ് കരാർ ഒപ്പുവെച്ചു. സർക്കാറിന്റെ ഡിജിറ്റൽ സംഭരണ സംവിധാനമായ പഞ്ച് ഔട്ടുമായി ചേർന്ന് ലുലുവിന്റെ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ലുലുഓൺ’ പ്രവർത്തിക്കും. 28 മന്ത്രാലയങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ സംഭരിക്കാൻ ലുലു സൗകര്യമൊരുക്കും.
യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തിൽ ധനകാര്യ അണ്ടർ സെക്രട്ടറി മറിയം മുഹമ്മദ് അൽ അമീരിയും ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എയുമാണ് കരാറിൽ ഒപ്പിട്ടത്. ബി-ടു-ബി ബിസിനസ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ‘ലുലുഓൺ’. സർക്കാറിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ പഞ്ച് ഔട്ട് സംഭരണ സംവിധാനത്തിലേക്ക് ലുലുവിന്റെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമിൽ നിന്ന് എളുപ്പത്തിൽ ഓർഡർ ചെയ്ത് സംഭരിക്കാൻ സൗകര്യമൊരുക്കും. ഫുഡ്-ഗ്രോസറി, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഓഫിസ് ഉപകരണങ്ങൾ എന്നിവയടക്കുമുള്ള ഉൽപന്നങ്ങൾ മികച്ച നിരക്കിൽ ‘ലുലുഓൺ’ പ്ലാറ്റ്ഫോമിൽ യു.എ.ഇ മന്ത്രാലയങ്ങൾക്ക് ലഭ്യമാക്കും.
35 വിഭാഗങ്ങളിലായി ഒന്നേകാൽ ലക്ഷത്തോളം ഉൽപന്നങ്ങൾ ലുലുഓൺ പ്ലാറ്റ്ഫോമിലൂടെ ഓർഡർ ചെയ്യാനാകുമെന്ന് അധികൃതർ പറഞ്ഞു. യു.എ.ഇയുടെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെ മികച്ച പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ശക്തവും സുതാര്യവുമായ ഫിനാൻഷ്യൽ സിസ്റ്റം ഉറപ്പാക്കുന്നതിന് കരുത്ത് പകരുന്നതാണ് ലുലുവുമായുള്ള സഹകരണമെന്ന് മന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി പറഞ്ഞു. സർക്കാർ-സ്വകാര്യ പങ്കാളിത്തം യു.എ.ഇയുടെ വികസനത്തിന് കരുത്തേകുമെന്നും യു.എ.ഇ മന്ത്രാലയങ്ങളുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

