തന്നെ അനുകരിച്ച മുഹ്റയെ കാണാന്‍ ശൈഖ് മുഹമ്മദ് എത്തി
text_fieldsദുബൈ: കഴിഞ്ഞദിവസമായിരുന്നു ആ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ അനുകരിച്ച് ആറു വയസ്സുകാരി സംസാരിക്കുന്നത് അറബ് ലോകത്ത് പതിനായിരങ്ങളാണ് കണ്ടത്. ശൈഖ് മുഹമ്മദ് ഈയിടെ ഒരു പ്രസംഗത്തില്‍ പറഞ്ഞ വാചകമാണ് അദ്ദേഹത്തെപോലെ വാക്കുകള്‍ക്ക് ഊന്നല്‍ നല്‍കിയും ആംഗ്യങ്ങള്‍ കാട്ടിയും കൊച്ചുബാലിക കുസൃതിയോടെ അവതരിപ്പിച്ചത്.
ട്വിറ്ററില്‍ ഇത് ശൈഖ് മുഹമ്മദും നന്നായി ആസ്വദിച്ചു. കുട്ടിയെ കാണാന്‍ താല്പര്യം പ്രകടിപ്പിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. "ഈ കൊച്ചു പെണ്‍കുട്ടിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. ദൈവം അനുഗ്രഹിക്കും അവളെ. ആര്‍ക്കെങ്കിലും അറിയുമോ അവളെ?" എന്നായിരുന്നു ശൈഖ് മുഹമ്മദിന്‍െറ ട്വീറ്റ്.
പിന്നെ ആളെ കണ്ടുപിടിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. അത് മുഹ്റ അഹ്മദ് അല്‍ ശേശിയായിരുന്നു.ഷാര്‍ജ മോഡല്‍ ഗേള്‍സ് സ്കൂളിലെ ഒന്നാം തരം വിദ്യാര്‍ഥിനി.
വെള്ളിയാഴ്ച രാവിലെ ഷാര്‍ജയിലെ വീട്ടിലേക്ക് സന്ദേശമത്തെി. അറബ് ലോകം ഏറെ ആദരിക്കുന്ന ദുബൈ ഭരണാധികാരി മുഹ്റ അഹ്മദിനെ കാണാന്‍ വരുന്നു. മുഹ്റക്ക് വിശ്വസിക്കാനായില്ല. അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സ്കൂള്‍ അസംബ്ളിയില്‍ പറയാന്‍ വേണ്ടി നടത്തിയ റിഹേഴ്സലാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വൈറലായത്. ഒറ്റദിവസം കൊണ്ട് അര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.
നേരത്തെ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിനെ നേരില്‍ കണ്ടിട്ടുള്ള മുഹ്റയുടെ രണ്ടാമത്തെ രാജകീയ കൂടിക്കാഴ്ചയായിരുന്നു ഇത്.
പിന്നീട് മുഹ്റയുമായുള്ള ഹൃദയം തുളുമ്പുന്ന കൂടിക്കാഴ്ചാ വിവരം ശൈഖ് മുഹമ്മദ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറംലോകത്തത്തെിച്ചത്.
സ്വന്തം മകള്‍ക്കൊപ്പം മുഹ്റയുടെ വീട്ടിലത്തെിയ ശൈഖ് മുഹമ്മദ് അവളെ പിടിച്ച് മടിയിലിരുത്തി വിശേഷങ്ങള്‍ ചോദിച്ചു. ഉടുപ്പ് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. മോള്‍ ആളുകളുടെയെല്ലാം ശ്രദ്ധനേടിയെന്നും അവര്‍ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പറഞ്ഞു.
ആ വാചകം ഒരിക്കല്‍കൂടി പറയാന്‍ പറഞ്ഞു. ആദ്യം അല്പം മടിച്ചുനിന്ന മുഹ്റ പ്രസംഗം ആവര്‍ത്തിച്ചു. ഒരിക്കല്‍ കൂടി അത് ആസ്വദിച്ച ശൈഖ് മുഹമ്മദ് അവള്‍ക്ക് മുത്തം നല്‍കി.
ശൈഖ് മുഹമ്മദ് മുഹ്റയെ എടുക്കുന്നതും അവളോട് സംസാരിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും വൈറാലാകാന്‍ പിന്നെ അധിക സമയം വേണ്ടിവന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
