ഗർഭിണിയുടെ യാത്രക്ക് മുടക്കം വരുത്താതെ സഅദിയയുടെ കരുതൽ
text_fieldsദുബൈ: നാട്ടിൽ തിരിച്ചെത്തി ദിവസങ്ങൾ പിന്നിെട്ടങ്കിലും ബംഗളുരു സ്വദേശി സയ്യിദ അസ്ഫിയയും മാതാവ ബീഗം നാഗിമീനും ദുബൈയെ കുറിച്ച് ഒാർക്കാത്ത സമയമില്ല, സഅദിയ പ്രവർത്തകരെക്കുറിച്ച് പറയാത്ത ദിനങ്ങളില്ല. സഅദിയ പ്രവർത്തകർ എന്നാൽ ഉത്തരകേരളത്തിലെ പ്രമുഖ മതവിജ്ഞാന കേന്ദ്രമായ ജാമിഅ സഅദിയയുടെ ദുബൈയിലെ അഭ്യുദയ കാംക്ഷികൾ.
സഅദിയയും അജ്മാൻ ഇന്ത്യൻ അസോസിയേഷനും ചേർന്ന് ഒരുക്കിയ ചാർേട്ടഡ് ഫ്ലൈറ്റിൽ ബംഗളുരുവിലേക്ക് യാത്ര ചെയ്യാൻ അജ്മാനിൽ നിന്ന് ദുബൈ വിമാനത്താവളത്തിൽ വന്നതായിരുന്നു ഉമ്മയും മകളും. അസ്ഫിയയുടെ വയറ്റിൽ കുഞ്ഞു ജീവെൻറ തുടിപ്പുമുണ്ട്. കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഉള്ളതിനാൽ യാത്രികർക്ക് മാത്രമാണ് വെയ്റ്റിങ് ലോഞ്ചിൽ പ്രവേശനം അനുവദിച്ചിരുന്നത്. അതു കൊണ്ട് ഇവരെ വിമാനത്താവളത്തിൽ ഇറക്കി അസ്ഫിയയുടെ ഭർത്താവ് തിരിച്ചു പോയി.
റാപിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് ലഭിച്ച ആശ്വാസത്തിൽ ചെക്ക്ഇൻ ചെയ്യാൻ കൗണ്ടറിലേക്ക് നീങ്ങിയപ്പോഴാണ് ഗർഭിണികൾ കരുതേണ്ട ഫിറ്റ് ടു ട്രാവൽ സർട്ടിഫിക്കേറ്റ് അധികൃതർ ചോദിക്കുന്നത്. യാത്രക്ക് മുൻപ് ഇങ്ങിനെ ഒരു സർട്ടിഫിക്കറ്റ് ഹാജറാക്കണമെന്ന കാര്യം ഉമ്മക്കോ മകൾക്കോ അറിയുമായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വ്യോമയാന നിയമം അനുസരിച്ച് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര അനുവദിക്കാനാവില്ല എന്ന് അധികൃതർ തീർത്തു പറഞ്ഞു. അത്ര നേരം മനസിൽ സൂക്ഷിച്ചിരുന്ന സന്തോഷത്തിെൻറ വർണ ബലൂണുകളെല്ലാം അപ്രത്യക്ഷമായതു പോലെ.
അവശേഷിക്കുന്ന രണ്ട് മണിക്കൂർ സമയം കൊണ്ട് സർട്ടിഫിക്കറ്റ് എങ്ങിനെ സംഘടിപ്പിക്കും എന്നാേലാചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഭർത്താവ് അജ്മാനിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹത്തെ തിരികെ വിളിച്ച് കൂടെ മടങ്ങുകയേ വഴിയുള്ളൂ. പലരെയും വിളിച്ചു നോക്കിയെങ്കിലും അത്ര ചുരുങ്ങിയ സമയത്തിൽ സഹായിക്കാൻ ആർക്കും നിർവാഹമില്ലായിരുന്നു. ലോഞ്ചിൽ തളർന്നിരുന്ന് വിതുമ്പുന്നതു ശ്രദ്ധയിൽപ്പെട്ട സഅദി യ പ്രസിഡൻറ് സയ്യിദ് ത്വാഹാ ബാഫഖി സഖാഫി കൊയിലാണ്ടിയും സെക്രട്ടറി അമീർ ഹസനും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമാധാനമായിരിക്കാനും യാത്ര തുടരാൻ സൗകര്യമൊരുക്കാമെന്നും സമാശ്വസിപ്പിച്ചു.
ഖിസൈസ് ആസ്റ്റർ ക്ലിനിക്കിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ലുബ്ന അഹ്മദിനെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഉടനടി അവരെ ആശുപത്രിയിൽ എത്തിക്കൂ എന്ന് ഡോക്ടറുടെ മറുപടി. ഉടനെ സഅദിയയുടെ വാഹനത്തിൽ സയ്യിദ അസ്ഫിയയെ ക്ലിനിക്കലിൽ എത്തിച്ചു.ഡോക്ടർ പരിശോധിച്ചു. മാതാവിനും കുഞ്ഞിനും മുൻകൂർ ആശംസകളറിച്ചു, യാത്ര ചെയ്യാൻ സുരക്ഷിയതാണെന്ന സർട്ടിഫിക്കറ്റ് നൽകി.
യാത്രയിലും വീട്ടിലെത്തിയ ശേഷവും പാലിക്കേണ്ട കാര്യങ്ങളും സൂചിപ്പിച്ചു. സർട്ടിഫിക്കറ്റുമായി അതിവേഗം തിരിച്ചെത്തിയ യാത്രക്കാരിയെ കണ്ടപ്പോൾ എയർപോർട്ട് അധികൃതർക്കും എന്തെന്നില്ലാത്ത സന്തോഷം. ഇവിടെ വന്നിറങ്ങുകയും യാത്ര തിരിക്കുകയും ചെയ്യുന്ന ഒരാൾക്ക് പോലും പ്രയാസമുണ്ടാവാൻ തങ്ങൾക്ക് ആഗ്രഹമില്ലെന്നും ഗർഭിണികളുടെ യാത്രയിൽ ഇൗ സർട്ടിഫിക്കറ്റ് നിർബന്ധമാകയാലാണ് ആദ്യം മടക്കേണ്ടി വന്നതെന്നും അറിയിച്ച് തിരക്കിട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി.
ആ ഉമ്മയുടെയും മകളുടെയും മാത്രമല്ല, ഇൗ സംഭവങ്ങൾക്ക് സാക്ഷികളായ മനുഷ്യരുടെയെല്ലാം കണ്ണുകൾ സന്തോഷക്കണ്ണുനീർ കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു ആ സമയത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
