രക്തസാക്ഷികൾക്കും കുടുംബങ്ങൾക്കും െഎക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്ര നേതാക്കൾ
text_fieldsഅബൂദബി: രാഷ്ട്രത്തിന് വേണ്ടി രക്തസാക്ഷികളായവരെ സ്മരിച്ച് യു.എ.ഇ വ്യാഴാഴ്ച സ്മരണാദിനം ആചരിക്കുന്നു. യു.എ.ഇയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി രക്തവും ജീവനും സമർപ്പിച്ചവർക്ക് രാഷ്ട്ര നേതാക്കളും ജനങ്ങളും ആദരവർപ്പിക്കുന്ന വേളയാണിത്.
സ്മണാദിനാചരണത്തിെൻറ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30 മുതൽ 11.31 വരെ എല്ലാ സ്വദേശികളും വിദേശികളും മൗനാചരണം നടത്താൻ അബൂദബി കിരീടാവകാശിയുടെ കാര്യാലയത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ കാര്യങ്ങൾക്കായുള്ള ഒാഫിസ് (എം.എഫ്.എ.ഒ) ആഹ്വാനം ചെയ്തിട്ടുണ്ട്. എം.എഫ്.എ.ഒയുടെ മാർനിർദേശങ്ങൾക്ക് അനുസൃതമായി എല്ലാ തദ്ദേശീയ^ഫെഡറൽ സ്ഥാപനങ്ങളും വിദേശങ്ങളിലെ യു.എ.ഇ എംബസികളും സ്മാരകദിനാചരണം നടത്തണമെന്നും നിർദേശമുണ്ട്. രാവിലെ എട്ടിന് പതാക താഴ്ത്തിക്കെട്ടി 11.31ന് വീണ്ടും ഉയർണമെന്നും നിർദേശത്തിൽ പറയുന്നു.
2015 ആഗസ്റ്റ് 19നാണ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നവംബർ 30 സ്മരണാദിനമായി പ്രഖ്യാപിച്ചത്. 1971 നവംബർ 30ന് സുഹൈൽ ബിൻ ഖമീസ് ഗ്രേറ്റ് തൻബ് െഎലൻഡിൽ ഇറാൻ സേനയുമായുള്ള പോരാട്ടത്തിൽ രക്തസാക്ഷിത്വം വഹിച്ചതിെൻറ ഒാർമക്കായാണ് സ്മരണാദിനം ആചരിക്കുന്നത്. യു.എ.ഇയുടെ ആദ്യ രക്തസാക്ഷിയാണ് സുഹൈൽ ബിൻ ഖമീസ്.
രാഷ്ട്രത്തിന് വേണ്ടി രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് പരിപൂർണ പിന്തുണയും പരിഗണനയും നൽകുന്നത് തുടരുമെന്ന് ശൈഖ് ഖലീഫ പ്രഖ്യാപിച്ചു. ത്യാഗത്തിെൻറ മൂല്യങ്ങളെ അത്യധികമായി വിലമതിക്കുകയും രാഷ്്ട്രപതാക ഉയരത്തിൽ പറപ്പിക്കാൻ ജീവനും രക്തവും സമർപ്പിച്ചവരെ ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ഇത്തരം ത്യാഗങ്ങൾ ഇൗ രാജ്യത്തെ പ്രതിരോധിക്കുന്നതിനുള്ള നമ്മുടെ നിശ്ചയദാർഢ്യവും ശക്തിയും െഎക്യദാർഢ്യവും യോജിപ്പും വർധിപ്പിക്കുകയേയുള്ളൂവെന്നും സായുധസേന മാഗസിൻ ‘നാഷൻ ഷീൽഡി’ൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ശൈഖ് ഖലീഫ വ്യക്തമാക്കി.
സ്വരാജ്യത്തിെൻറ പരമാധികാരത്തെ പ്രതിരോധിക്കുകയെന്ന ദൗത്യത്തിനിടെ ജീവൻ ത്യജിച്ച ധീരന്മാർക്ക് ആദരവർപ്പിക്കുന്ന വേളയാണ് സ്മരണാദിനമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. യു.എ.ഇ രക്തസാക്ഷികൾ ത്യാഗത്തിെൻറ ഉജ്ജ്വല മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും രാജ്യത്തിെൻറ െഎക്യം കാത്തുസൂക്ഷിക്കുന്നതിനൽ വലിയ ഉത്തരവാദിത്വം ആ മാതൃകകൾ നമ്മിൽ ഏൽപിക്കുന്നുണ്ടെന്നും ‘നാഷൻ ഷീൽഡ്’ മാഗസിനിൽ അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇക്ക് അഭിമാനത്തിെൻറയും പ്രതാപത്തിെൻറയും ദിവസമാണ് സ്മരണാദിനമെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. സ്വദേശത്തോടുള്ള വിശ്വസ്തതയും സ്നേഹവും രാജ്യത്താകമാനം ആഘോഷിക്കപ്പെടുന്ന ദിവസമാണിന്ന്. നമ്മുടെ രക്തസാക്ഷികളെ സ്മരിച്ച് അഭിമാനത്തോടെ യു.എ.ഇ ഒന്നിച്ച് നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ രക്തസാക്ഷികളുടെ ത്യാഗങ്ങൾ സ്മരിക്കപ്പെടുന്ന ശ്രേഷ്ഠ സന്ദർഭമാണ് സ്മരണാദിനമായി ആചരിക്കുന്ന നവംബർ 30 എന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ഇൗ ദിനത്തിൽ യു.എ.ഇയുടെ നേതാക്കളും ജനങ്ങളും ത്യാഗത്തിെൻറ മൂല്യം ജയർത്തിപ്പിടിക്കുകയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികൾക്ക് ആദരവും ബഹുമാനവും അർപ്പിക്കാൻ നിലകൊള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിെൻറ രക്തസാക്ഷികൾ ദേശഭക്തിയുടെയും ദാനത്തിെൻറയും ചിഹ്നങ്ങളാണെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. ജനങ്ങളുടെ ഹൃദയങ്ങളിൽ അവരെന്നും അഭിമാനത്തോടും ആദരേവാടും കുടികൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 30 യു.എ.ഇയുടെ ചരിത്രത്തിലെ തിളങ്ങുന്ന നിമിഷങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു. രാജ്യം അതിെൻറ വീരപുത്രന്മാരെയും പുത്രിമാരെയും ഒരിക്കലും വിസ്മരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ രക്തസാക്ഷികൾ ധീരതയുടെയും വിശ്വസ്തതയുടെയും ഉത്തമ ഉദാഹരണങ്ങളാണെന്ന് പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബുവാരിദി അഭിപ്രായപ്പെട്ടു. രാജ്യത്തിനും അതിെൻറ നേട്ടങ്ങൾക്കും വേണ്ടി ജീവനും രക്തവും നൽകിയവരുടെ ഒാർമയുടെ ദേശീയ ചിഹ്നമാണ് സ്മരണാദിനമെന്നും വീരപുത്രന്മാരുടെ ധൈര്യവും ആത്മവീര്യവും രാജ്യം അഭിമാനത്തോടെ സ്മരിക്കുമെന്നും അദ്ദേഹം കൂട്ടിേച്ചർത്തു.
ത്യാഗത്തിെൻറയും ദേശസ്നേഹത്തിെൻറയും മാതൃകകളായ രക്തസാക്ഷികളെ രാജ്യം ആദരവോടെ സ്മരിക്കുന്ന വേളയാണ് സ്മരണാദിനമെന്ന് ഫെഡറൽ നാഷനൽ കൗൺസിൽ സ്പീക്കർ ഡോ. അമൽ അബ്ദുല്ല ആൽ ഖുബൈസി അഭിപ്രായപ്പെട്ടു. ജീവൻ ത്യജിച്ച വീരപുത്രന്മാരെ രാജ്യം ഒരിക്കലും മറക്കില്ലെന്നതിെൻറ ദൃഢീകരണം കൂടിയാണ് സ്മരണാദിനമെന്നും അവർ പറഞ്ഞു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും സുപ്രീം കൗൺസിൽ അംഗങ്ങളും രക്തസാക്ഷികളെ അനുസ്മരിച്ചു.