ദോഹ ഫോട്ടോഗ്രഫി അവാർഡ് സ്വന്തമാക്കി യു.എ.ഇ മലയാളി; 18 ലക്ഷം രൂപ സമ്മാനത്തുക
text_fieldsഷൈജിത്ത് ഓടൻചേരിയത്ത്
ദോഹ: ദോഹ ഫോട്ടോഗ്രഫി അവാർഡ് സ്വന്തമാക്കി യു.എ.ഇ പ്രവാസി മലയാളി. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ ഫോട്ടോഗ്രഫി സെന്റർ സംഘടിപ്പിച്ച ദോഹ ഫോട്ടോഗ്രഫി അവാർഡിൽ മൂന്നാം സ്ഥാനമാണ് കണ്ണൂർ പൊതുവാച്ചേരി സ്വദേശി ഷൈജിത്ത് ഓടൻചേരിയത്തിന് ലഭിച്ചത്. അദ്ദേഹത്തിന് 18 ലക്ഷം രൂപ അഥവാ 75,000 ഖത്തർ റിയാൽ സമ്മാനമായി ലഭിക്കും. ദോഹ ഫോട്ടോഗ്രഫി അവാർഡ്സിൽ ഇന്റർനാഷനൽ കാറ്റഗറിയിൽ ഒരു കഥ പറയുന്ന ഫോട്ടോകളുടെ സീരീസ് -സ്റ്റോറിടെല്ലിങ് കാറ്റഗറിയിലാണ് അവാർഡ് ലഭിച്ചത്.
യു.എ.ഇയിലെ ഉമ്മുൽ ഖുവൈനിൽനിന്ന് പകർത്തിയ ‘സാൾട്ട് വാട്ടർ ഹീലിങ് റിച്വൽ’ ചിത്രങ്ങൾക്കാണ് അവാർഡ് കരസ്ഥമാക്കിയത്. ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി അവാർഡ് സമ്മാനിച്ചു. പ്രാദേശിക -അന്തർദേശീയ ഫോട്ടോഗ്രാഫർമാർക്ക് അവരുടെ സർഗാത്മക ഫോട്ടോഗ്രഫി കഴിവുകളെ വളർത്തുകയെന്ന ലക്ഷ്യവുമായാണ് ദോഹ ഫോട്ടോഗ്രാഫി അവാർഡ് സംഘടിപ്പിച്ചത്.
ഷൈജിത്ത് ഓടൻചേരിയത്ത് ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു
ദുബൈയിൽ സാന്റ് ബാങ്ക് മാർക്കറ്റിങ് വിഭാഗത്തിൽ മോഷൻ ഗ്രാഫിക്സ് ഡിസൈനറായാണ് ഷൈജിത്ത് ജോലി ചെയ്യുന്നത്. നാഷനൽ ജിയോഗ്രാഫിക് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ഷൈജിത്തിന്റെ ഫോട്ടോഗ്രഫികൾ പ്രസിദ്ധീകരിക്കുകയും നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. സിന ഇന്റർനാഷനൽ ഫോട്ടോഗ്രാഫി അവാർഡ്, ദുബൈ ഹത്ത ‘ത്രൂ ദി ലൻസ് ഓഫ് ലൈറ്റ്’ വിഭാഗം -2025 തുടങ്ങി 50ലധികം അവാർഡുകൾ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

