സുകുമാര്‍ അഴീക്കോട് ഫെഡററുടെ ആരാധകന്‍ -എം.എ. ബേബി
text_fieldsഅബൂദബി: പൊതു ധാരണകള്‍ക്കപ്പുറം ബഹുമുഖ താല്‍പര്യങ്ങളുള്ള വ്യക്തിയായിരുന്നു സുകുമാര്‍ അഴീക്കോടെന്നും അദ്ദേഹം ടെന്നീസ് താരം റോജര്‍ ഫെഡററുടെ കടുത്ത ആരാധകനായിരുന്നുവെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വായനയെ അതിയായി ഇഷ്ടപ്പെട്ടിരുന്ന അഴീക്കോട് ഏറ്റവും പ്രിയപ്പെട്ട പുസ്തകം മാറ്റിവെച്ച് ഫെഡററുടെ കളി കാണുമായിരുന്നു. റോജര്‍ ഫെഡറര്‍ തോറ്റാല്‍ അന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റില്‍ അദ്ദേഹം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ അതിയായി ഇഷ്ടപ്പെട്ടിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു. അബൂദബി കേരള സോഷ്യല്‍ സെന്‍ററും (കെ.എസ്.സി) ശക്തി തിയറ്റേഴ്സും ചേര്‍ന്ന് കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒ.എന്‍.വി-അഴീക്കോട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷയുമായി ബന്ധപ്പെട്ടും സംസ്കാരവുമായി ബന്ധപ്പെട്ടും നിതാന്ത ജാഗ്രത നമ്മള്‍ പുലര്‍ത്തേണ്ടതുണ്ട് എന്നാണ് അഴീക്കോടിനെയും ഒ.എന്‍.വിയെും അനുസ്മരിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്. ഒ.എന്‍.വിയുടെയും അഴീക്കോടിന്‍െറയും ജീവിത പരിണാമങ്ങളില്‍ നിരവധി സാമ്യങ്ങള്‍ കാണാനാവും.
ഇരുവരും പാര്‍ലമെന്‍റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്്. അതുകൊണ്ട് അവര്‍ മുന്നോട്ട് വെക്കുന്ന ദര്‍ശനങ്ങള്‍ തോറ്റുപോയി എന്നര്‍ഥമില്ല. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ പങ്കെടുത്തവരാണ് ഇരുവരും. സര്‍ഗാത്മക ജീവിതത്തിന് പ്രത്യക്ഷ രാഷ്ട്രീയം തടസ്സമല്ല എന്ന് അവര്‍ തെളിയിച്ചു-ബേബി അനുസ്മരിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ മുഖ്യാതിഥിയായിരുന്നു. ഒ.എന്‍.വി-അഴീക്കോട് സ്മൃതി ഉദ്ഘാടനത്തിന് ശേഷം ‘അഴീക്കോടിന്‍െറ സംവാദ മണ്ഡലങ്ങള്‍' വിഷയത്തില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനനും ‘ഒ.എന്‍.വിയുടെ സന്ദര്‍ഭങ്ങള്‍’ വിഷയത്തില്‍ ഇ.പി. രാജഗോപാലും പ്രഭാഷണം നടത്തി. മുടിയാട്ടവും ഒ.എന്‍.വി കവിതകളുടെ ദൃശ്യാവിഷ്കാരവും അരങ്ങേറി.
കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍, യു.എ.ഇ എക്സ്ചേഞ്ച് അസോസിയേറ്റ് ഡയറക്ടര്‍ മൊയ്തീന്‍ കോയ, ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി ഗണേഷ് ബാബു, മുന്‍ കെ.എസ്.സി പ്രസിഡന്‍റ് കെ.പി. മുരളി, കേരള സോഷ്യല്‍ സെന്‍റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ മിനി രവീന്ദ്രന്‍, ശക്തി തിയറ്റേഴ്സ് വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയ ബാലു, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് കൃഷ്ണ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
