ലോകത്ത് വി.പി.എൻ ഡൗൺലോഡിൽ മുന്നിൽ യു.എ.ഇ
text_fieldsദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ വി.പി.എൻ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് യു.എ.ഇയിൽ നിന്ന് റിപോർട്ട്.
സൈബർ ന്യൂസിന്‍റെ കണക്കുകൾ ആഗോള തലത്തിൽ നടക്കുന്ന വി.പി.എൻ ഡൗൺലോഡുകളിൽ 65.78 ശതമാനവും യു.എ.ഇയിലാണ്. 2020 മുതൽ 2025 ആദ്യ പകുതിവരെയുള്ള കണക്കുകളാണിത്. ഈ വർഷം ആദ്യ പകുതിയിൽ മാത്രം യു.എ.ഇയിൽ നടന്നത് 60.11 ലക്ഷം വി.പി.എൻ ഡൗൺലോഡുകളാണ്. കഴിഞ്ഞ വർഷമിത് 9.2 ദശലക്ഷമായിരുന്നു. 2023ൽ 7.81 ദശലക്ഷവും 2022ൽ 6.54 ദശലക്ഷവുമായിരുന്നു. ഈ കണക്കുകൾ അനുസരിച്ച് നടപ്പുവർഷം പൂർത്തിയാകുമ്പോൾ യു.എ.ഇയിലെ വി.പി.എൻ ഡൗൺലോഡുകൾ കഴിഞ്ഞ വർഷത്തെ മറികടക്കും.
യു.എ.ഇയിലെ ജനസംഖ്യാവർധനവിന് അനുസരിച്ചാണ് വി.പി.എൻ ഡൗൺലോഡുകളും വർധിക്കുന്നതെന്നാണ് വിലയിരുത്തൽ. വേൾഡോമീറ്റർ ഡാറ്റ പ്രകാരം യു.എ.ഇയിലെ ജനസംഖ്യ 11.44 ദശലക്ഷത്തിലെത്തിയിരിക്കുകയാണ്. അതേസമയം, 55.43 ശതമാനവുമായി ഖത്തർ ആണ് വി.പി.എൻ ഡൗൺലോഡിൽ ലോകത്ത് രണ്ടാമതുള്ള രാജ്യം. സിംഗപ്പൂർ (38.23%), ദ്വീപു രാജ്യമായ നൗറു (35.49%), ഒമാൻ (31%), സൗദി അറേബ്യ (28.93%), നെതർലണ്ട് (21.77%), യു.കെ (19.63%), കുവൈത്ത് (17.88%), ലക്സംബർഗ് (17.3%) എന്നിവയാണ് തൊട്ടുപിറകിലുള്ള രാജ്യങ്ങൾ. ആഫ്രിക്കയിലാണ് വി.പി.എൻ ഡൗൺലോഡ് ഏറ്റവും കുറവ്.
യു.എ.ഇയിൽ വി.പി.എൻ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിന് നിലവിൽ നിയമപരമായി നിയന്ത്രണമേർപ്പടുത്തിയിട്ടില്ല. പക്ഷെ, ആപ്പുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ചുമത്തും. സൈബർ കുറ്റകൃത്യങ്ങളും കിംവദന്തികൾക്കുമെതിരായ ഫെഡറൽ നിയമം അനുസരിച്ച് വി.പി.എൻ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
യു.എ.ഇ സർക്കാർ തടഞ്ഞ വെബ്‌സൈറ്റുകൾ, കോളിങ് ആപ്പുകൾ അല്ലെങ്കിൽ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിനായി ഐ.പി വിലാസം മറച്ചുവെക്കുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ ആവശ്യങ്ങൾക്കായി വി.പി.എൻ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുക. നിയമലംഘിച്ചാൽ അഞ്ച് ലക്ഷത്തിനും 20 ലക്ഷം ദിർഹത്തിനും ഇടയിൽ പിഴയും തടവുമാണ് ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

