അറബ് ലോകത്ത് വിദേശ നിക്ഷേപത്തില്‍ യു.എ.ഇ ഒന്നാമത്
text_fieldsഅബൂദബി: അറബ് രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്.ഡി.ഐ.) കഴിഞ്ഞവര്‍ഷം യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. അറബ് ലോകത്തെ ആകെ നിക്ഷേപത്തിന്റെ 40.4 ശതമാനവും സ്വന്തമാക്കിയാണ് യു.എ.ഇ നേട്ടം കൈവരിച്ചത്. 4820 കോടി (48.2 ബില്യണ്‍) ഡോളറാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തേക്ക് ഒഴുകിയെത്തിയത്. നിക്ഷേപക അന്തരീക്ഷത്തെക്കുറിച്ചുള്ള 'ധമാന്‍' (അറബ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍) പുറത്തുവിട്ട 2025ലെ സംയോജിത നിക്ഷേപാന്തരീക്ഷ സൂചികയില്‍ യു.എ.ഇ ആഗോള തലത്തില്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 17-ാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭ വ്യാപാര വികസന സമിതിയുടെ (യു.എന്‍.സി.ടി.എ.ഡി.) കണക്കുകള്‍ പ്രകാരം, പശ്ചിമേഷ്യന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം 2025ല്‍ അറബ് മേഖലയിലേക്കുള്ള ആകെ വിദേശ നിക്ഷേപത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 11930 കോടി ഡോളറിന്റെ നിക്ഷേപക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 80 ശതമാനത്തിലധികം നിക്ഷേപവും യു.എ.ഇ ഉള്‍പ്പെടെയുള്ള മൂന്ന് രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
ആഗോള വിദേശ നിക്ഷേപത്തില്‍ അറബ് രാജ്യങ്ങളുടെ വിഹിതം 7.3 ശതമാനമായും വികസ്വര സമ്പദ് വ്യവസ്ഥകളിലേക്കുള്ള നിക്ഷേപ വിഹിതം 13.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്. കുവൈത്ത് ആസ്ഥാനമായ കോര്‍പറേഷന്‍ തങ്ങളുടെ 41-ാമത് വാര്‍ഷിക റിപ്പോര്‍ട്ടില്‍ അറബ് മേഖലയിലെ നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താന്‍ രാഷ്ട്രീയ സുരക്ഷാ മേഖല, നിയമ സ്ഥാപന സംവിധാനങ്ങള്‍, സാമ്പത്തിക രംഗം, ഉല്‍പാദന ഘടകങ്ങള്‍ എന്നിവയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ധമാന്‍ ശുപാര്‍ശ ചെയ്യുന്നു.
നിക്ഷേപ നിയമങ്ങള്‍ ലളിതമാക്കല്‍, നടപടിക്രമങ്ങളുടെ ഡിജിറ്റലൈസേഷന്‍, നിക്ഷേപക സംരക്ഷണം ശക്തിപ്പെടുത്തല്‍, നികുതി കസ്റ്റംസ് പരിഷ്‌കാരം, പണപ്പെരുപ്പ നിയന്ത്രണം, അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ മേഖലക്ക് കൂടുതല്‍ പ്രോത്സാഹനം, തൊഴില്‍ വിപണി നവീകരണം, വിദ്യാഭ്യാസ പരിശീലനത്തിലൂടെ വൈദഗ്ധ്യ വികസനം, ഗവേഷണ നവീകരണങ്ങള്‍ക്ക് പിന്തുണ എന്നിവക്കും റിപ്പോര്‍ട്ട് പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2025ലെ നിക്ഷേപാന്തരീക്ഷ സൂചികയില്‍ ഖത്തര്‍ (ആഗോള റാങ്ക് 38), സൗദി അറേബ്യ (40), ഒമാന്‍ (51), കുവൈത്ത് (52), ബഹ്‌റൈന്‍ (57), ജോര്‍ദാന്‍ (74), മൊറോക്കോ (75) എന്നിവയാണ് യു.എ.ഇക്ക് പിന്നിലുള്ള അറബ് രാജ്യങ്ങള്‍. തുനീഷ്യ (95), ഈജിപ്ത് (100) എന്നിവയും അറബ് ശരാശരിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍, മറ്റ് 11 അറബ് രാജ്യങ്ങള്‍ 104 മുതല്‍ 158 വരെയുള്ള ആഗോള റാങ്കുകളിലാണ് ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

