ആളില്ലാ ആകാശ വാഹനങ്ങൾക്ക് ഏകീകൃത പ്ലാറ്റ്ഫോം
text_fieldsഅബൂദബി: ആളില്ലാ ആകാശ വാഹനങ്ങൾക്കായി ഏകീകൃത ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ച് അധികൃതർ. ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ അബൂദബി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, ദേശീയ അടിയന്തര ദുരന്ത നിവാരണ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പ്ലാറ്റ്ഫോം രൂപപ്പെടുത്തിയത്.
സേവനങ്ങൾ, അപ്ഡേറ്റുകൾ എന്നിവ കാര്യക്ഷമമാക്കുകയും വ്യോമയാന മേഖലയെ നിയന്ത്രിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംരംഭം ആരംഭിച്ചത്. നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുന്ന രൂപത്തിലാണിത് രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യക്തികൾക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള വിലക്ക് ഭാഗികമായി നീക്കിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം ദിവസങ്ങൾക്കുമുമ്പ് അറിയിച്ചിരുന്നു. ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവക്കൊപ്പം ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് മന്ത്രാലയം വിലക്ക് നീക്കിയത്.
ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ വിശദമായ മാർഗനിർദേശങ്ങൾ യു.എ.ഇ ഡ്രോൺസ് ആപ്പിലൂടെയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റിലൂടെയും ലഭ്യമാണെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
മാനദണ്ഡപ്രകാരം ഡ്രോൺ ഉപയോക്താക്കൾ പുതിയ ‘യു.എ.ഇ ഡ്രോൺസ്’ ആപ് വഴിയോ drones.gov.ae എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കണം. ഈ ഏകീകൃത ദേശീയ ഡ്രോൺ പ്ലാറ്റ്ഫോം യു.എ.ഇയിലെ ഡ്രോൺ ഓപറേറ്റർമാരുടെ രജിസ്ട്രേഷനും പ്രവർത്തന പ്രക്രിയയും കാര്യക്ഷമമാക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

