Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ-സിഗരറ്റുകൾ വഴിയുള്ള...

ഇ-സിഗരറ്റുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത്; ദേശീയ ബോധവൽക്കരണ കാമ്പയിനുമായി യു.എ.ഇ

text_fields
bookmark_border
ഇ-സിഗരറ്റുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത്; ദേശീയ ബോധവൽക്കരണ കാമ്പയിനുമായി യു.എ.ഇ
cancel

ദുബൈ: ഇ-സിഗരറ്റുകൾ (വേപ്സ്) വഴിയുള്ള മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി രാജ്യത്ത് പുതിയ ദേശീയ മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ ആരംഭിച്ചു. ചെറുപ്പക്കാരെ ലക്ഷ്യമിട്ട് വിപണിയിലിറക്കുന്ന ഇ-സിഗരറ്റുകൾക്കുള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിച്ചുവെക്കാൻ സാധ്യതയുണ്ടെന്ന ആശങ്കകൾക്കിടയിലാണ്, കുടുംബങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കാൻ 'നസ്നൽ കാമ്പയിൻ ഫോർ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ്' ലക്ഷ്യമിടുന്നത്.

കൗമാരക്കാർക്കിടയിൽ വേപ്പിങ്ങിനുള്ള ജനപ്രീതി മയക്കുമരുന്ന് മാഫിയകൾ ചൂഷണം ചെയ്യുന്നതായി കാമ്പയിൻ മുന്നറിയിപ്പ് നൽകുന്നു. ഇ-സിഗരറ്റുകൾ വഴി ഇവർ മയക്കുമരുന്നുകളും ലഹരിവസ്തുക്കളും പ്രചരിപ്പിക്കുന്നു. ഇത് കുടുംബങ്ങൾക്കോ സ്കൂളുകൾക്കോ സർവകലാശാലകൾക്കോ അധികൃതർക്കോ പോലും കണ്ടെത്താൻ പ്രയാസമുണ്ടാക്കുന്നു. കഞ്ചാവ് ഓയിൽ കലർത്തിയ ഇ-സിഗരറ്റുകൾ വഴി മയക്കുമരുന്ന് വിൽക്കുന്നവരെ കണ്ടെത്താൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളും, വേപ്പിങ് സാധാരണ സിഗരറ്റിനേക്കാൾ ദോഷം കുറഞ്ഞതാണെന്ന വ്യാജ പ്രചാരണങ്ങളും യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നു എന്ന് അധികൃതർ പറയുന്നു.

സുഗന്ധവും വർണാഭമായ പാക്കേജിങ്ങും

ആകർഷകമായ സുഗന്ധങ്ങൾ, വർണാഭമായ പാക്കേജിങ്, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവ ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഇത് പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അബൂദബി ബുർജീൽ ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ. യസീദ് ആബിദ് അൽ ഖാലിഖ് പറഞ്ഞു. ഇതിലൂടെ ഉയർന്ന അളവിൽ നിക്കോട്ടിൻ ശരീരത്തിലെത്താൻ സാധ്യതയുണ്ട്. തുടർച്ചയായ ഉപയോഗം ഉത്കണ്ഠ, ദേഷ്യം, ശ്രദ്ധക്കുറവ് എന്നിവക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്വാസകോശ വീക്കം, ഹൃദ്രോഗ സാധ്യതകൾ എന്നിവക്കും ഇത് വഴിയൊരുക്കാം.

'ഭീഷണിയെ തുടച്ചുനീക്കാൻ നമ്മൾ ഒന്നായി' എന്ന പ്രമേയത്തിൽ നാഷനൽ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയും യു.എ.ഇ ഗവൺമെന്റ് മീഡിയ ഓഫിസും സംയുക്തമായാണ് ഈ കാമ്പയിൻ ആരംഭിച്ചത്. 2024 നവംബറിൽ അംഗീകരിച്ച ‘യു.എ.ഇ നാഷനൽ ആന്റി-ഡ്രഗ്സ് സ്ട്രാറ്റജി 2024-2031'-ന്റെ ഭാഗമാണിത്.

പ്രതിരോധത്തിന് മുൻഗണന

പുകവലി ലഹരിയായി മാറുന്നതിന് മുമ്പുതന്നെ അത് തടയുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് നാഷനൽ റീഹാബിലിറ്റേഷൻ സെന്ററിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. സംയ അൽ മാമരി പറഞ്ഞു. ഭയപ്പെടുത്തുന്നതിന് പകരം ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കാമ്പയിൻ ശ്രമിക്കുന്നത്.

കുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പിന്തുണയാണ് ഏറ്റവും വലിയ പ്രതിരോധം. കുട്ടികളുമൊത്ത് കൂടുതൽ സമയം ചിലവഴിക്കാനും അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഡോ. അൽ മാമരി കൂട്ടിച്ചേർത്തു. വേപ്പിങ്ങുമായി ബന്ധപ്പെട്ട സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug smuggling via e-cigarettes; UAE launches national awareness campaign
Next Story