ദുബൈക്ക് സ്വന്തം സ്ട്രീമിങ് പ്ലാറ്റ്ഫോം; കുടുംബ സൗഹൃദപരമായ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം
text_fieldsദുബൈ: ടി.വി ഷോകളും സിനിമകളും തൽസമയ ഉള്ളടക്കങ്ങളും ആസ്വദിക്കാൻ ദുബൈ പ്ലസ് എന്ന പേരിൽ പുതിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിന് തുടക്കമായി. ദുബൈ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബൈ മീഡിയ ഇൻകോർപറേറ്റഡ്(ഡി.എം.ഐ) ആണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
സുരക്ഷിതവും കുടുംബ സൗഹൃദപരവുമായ ഉള്ളടക്കങ്ങളാണ് പ്ലാറ്റ്ഫോമിൽ പ്രധാനമായും ഉൾപ്പെടുത്തുന്നത്. പ്രാദേശിക, അറബ്, അന്തർദേശീയ ഉള്ളടക്കങ്ങൾ ഒരിടത്ത് ലഭ്യമാക്കുകയാണ് പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. തത്സമയ ടെലിവിഷൻ, സ്പോർട്സ് പരിപാടികൾ ഉൾപ്പെടെ 20ലധികം എക്സ്ക്ലൂസീവ് പരമ്പരകൾ, ആറ് ഒറിജിനൽ പ്രൊഡക്ഷനുകൾ, 170ലധികം അന്താരാഷ്ട്ര സിനിമകൾ എന്നിവ തുടക്കത്തിൽ തന്നെ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. അതേസമയം സബ്സ്ക്രിഷൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദുബൈ ആതിഥേയത്വം വഹിക്കുന്ന കായിക മത്സരങ്ങളും പ്രധാന പരിപാടികളും ദുബൈ പ്ലസിൽ കാണാനാകും. സ്പോർട്സ് വിഭാഗത്തിൽ മാത്രം 12 തത്സമയ ചാമ്പ്യൻഷിപ്പുകൾ ഉൾക്കൊള്ളുന്നുണ്ടെന്നും ഡി.എം.ഐ അറിയിച്ചു.
വിനോദം, വാർത്തകൾ, കായികം, ഒറിജിനൽ പ്രൊഡക്ഷനുകൾ എന്നിവ കാണാൻ ആഗ്രഹിക്കുന്ന കാഴ്ചക്കാർക്ക് ഒരു ഏകജാലക ഡിജിറ്റൽ ലക്ഷ്യസ്ഥാനമായിട്ടാണ് ദുബൈ പ്ലസ് രൂപകൽപന ചെയ്തിരിക്കുന്നത്. ദുബൈയുടെ വിശാലമായ മാധ്യമ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറും ദുബൈ ഗവ. മീഡിയ ഓഫിസ് ഡയറക്ടർ ജനറലുമായ മോന ഗാനിം അൽ മർറി പറഞ്ഞു.
ഭാവിയിൽ പ്ലാറ്റ്ഫോമിന്റെ ഉള്ളടക്കവും സവിശേഷതകളും വികസിപ്പിക്കുമെന്ന് ദുബൈ മീഡിയ ഇൻകോർപറേറ്റഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് അൽമുല്ല പറഞ്ഞു. പ്ലാറ്റ്ഫോമിന്റെ പ്രധാന ശ്രദ്ധ കുടുംബ സുരക്ഷയാണെന്നും കാഴ്ചാനുഭവത്തിന്റെ ഹൃദയഭാഗത്ത് കുടുംബത്തെ പ്രതിഷ്ഠിക്കുന്ന ഒരു പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

