യു.എ.ഇ-കേരള കപ്പല്‍ സര്‍വിസ്; പ്രതീക്ഷകള്‍, വെല്ലുവിളികള്‍
text_fieldsറാസല്‍ഖൈമ: ഗള്‍ഫ് പ്രവാസി മലയാളികളില്‍ വാനോളം പ്രതീക്ഷ ഉയര്‍ത്തി യു.എ.ഇ-കേരള കപ്പല്‍ സര്‍വിസ് ചര്‍ച്ച സജീവമാകുന്നു. വിമാന കമ്പനികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയും അധികൃതര്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചും ന്യായമായ വിമാന നിരക്കിനുവേണ്ടി പ്രവാസി കൂട്ടായ്മകള്‍ കാലങ്ങളായി രംഗത്തുണ്ട്. നിരക്ക് കുതിച്ചുയരുന്ന ഘട്ടങ്ങളില്‍ ചാര്‍ട്ടേഡ് വിമാന സര്വിസുകളെക്കുറിച്ച ചര്‍ച്ചകളും നടക്കും. എന്നാല്‍, ബദല്‍ യാത്ര മാര്‍ഗങ്ങളിലേക്കുള്ള ചുവടുകള്‍ പലതിലും ഉടക്കുകയാണ് പതിവ്. ഇന്ധന വിലയുടെയും മറ്റും അടിസ്ഥാനത്തില്‍ വിമാന കമ്പനികള്‍ക്കാണ് അവരുടെ നിരക്ക് തീരുമാനിക്കാന്‍ കഴിയുകയെന്നും ഇടപെടല്‍ സാധ്യമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയതോടെയാണ് ബദല്‍ യാത്രമാര്ഗത്തെക്കുറിച്ച ആലോചനകള്‍ക്ക് കനം വെക്കുന്നത്.
മലബാറിന്റെ വികസനത്തിനും പ്രവാസികളുടെ പ്രശ്നങ്ങളിലുമിടപെട്ട് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലാണ് (എം.ഡി.സി) യു.എ.ഇ കേരള യാത്രാ കപ്പല്‍ ആവശ്യവുമായി സജീവമായി മുന്നിലുള്ളത്. കപ്പല്‍ കമ്പനികളുമായി ചര്‍ച്ച നടത്തിയ എം.ഡി.സി പ്രതിനിധികള്‍ കേന്ദ്ര, സംസ്ഥാന അധികൃതര്‍ക്ക് യു.എ.ഇ കേരള കപ്പല്‍ സർവിസിന്റെ സാധ്യത പഠന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന് എന്നിവരുമായി ആദ്യ ഘട്ട കൂടിക്കാഴ്ചയും നടന്നിരുന്നു.
യു.എ.ഇയിലെത്തിയ എം.ഡി.സി പ്രതിനിധി സംഘം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് മാനേജ്മെന്റ്, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന മന്ത്രിമാരുടെ അനുകൂല പ്രതികരണം പ്രത്യാശ നല്‍കുന്നതാണെന്ന് കപ്പല്‍ സർവിസിനായി എം.ഡി.സിയുമായി സഹകരിക്കുന്ന ദുബൈയില്‍ ബിസിനസ് രംഗത്തുള്ള കരീം വെങ്കിടങ്ങ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇത് പ്രയോഗവത്കരിക്കുന്നതിന് ഗള്‍ഫ് പ്രവാസികളുടെ കാര്യഗൗരവത്തിലുള്ള നീക്കം അനിവാര്യമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയാണ് ഗള്‍ഫ് സെക്ടറില്‍നിന്ന് കേരളത്തിലേക്ക് കപ്പല്‍ സർവിസ് തുടങ്ങുന്നതിനുള്ള പ്രഥമ കടമ്പ. 2001ല്‍ ബഹ്റൈൻ-ദോഹ-ദുബൈ-കൊച്ചി കപ്പല്‍ സര്‍വിസ് നടത്തിയിരുന്നു. വലിയ കപ്പലില്‍ 1500 പേരാണ് അന്ന് യാത്രക്കാരായുണ്ടായിരുന്നത്.
ബഹ്റൈന്‍, ദോഹ എന്നിവിടങ്ങളില്‍നിന്ന് 800 യാത്രികരുമായാണ് ദുബൈയില്‍ കപ്പല്‍ നങ്കൂരമിട്ടത്. യു.എ.ഇയില്‍ നിന്ന് 700 പേരെയും കൂടി കയറ്റിയാണ് കപ്പല്‍ കേരളത്തിലേക്ക് തിരിച്ചത്.
ദുബൈയില്‍ നിന്ന് ഒരു രാത്രി പുറപ്പെട്ട കപ്പല്‍ നാലാമത് ദിവസം രാത്രിയാണ് കൊച്ചിയിലെത്തിയത്. 400 ദിര്‍ഹം മുതലായിരുന്നു ടിക്കറ്റ് നിരക്ക്. 200 കിലോ ഗ്രാം വരെ ലഗേജ് അനുവദിച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് സാധാരണക്കാര്‍ അന്ന് കപ്പല്‍ സർവിസിനെ വരവേറ്റത്. എന്നാല്‍, ‘സാങ്കേതികത’യുടെ പേരില്‍ രണ്ടാമതൊരു കപ്പല്‍ യാത്രക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. നിലവില്‍ നൂതന സാങ്കേതികതകളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ചെറുതും വലുതുമായ കപ്പലുകളുണ്ട്. നിരവധി വിനോദ കപ്പലുകള്‍ രാജ്യാതിര്‍ത്തികള്‍ താണ്ടുന്നുണ്ട്.
കുറഞ്ഞ നിരക്കില്‍ നാടണയാന്‍ സാധാരണക്കാരായ പ്രവാസികളെ സഹായിക്കുന്ന കപ്പല്‍ സർവിസ് തുടങ്ങുന്നതിന് സര്‍ക്കാറുകളുടെ ആത്മാര്‍ഥതയും അധികൃതരുടെ ഇച്ഛാശക്തിയും പ്രധാനമാണ്. ആകാശലോബികളുടെ അദൃശ്യ ഇടപെടലുകള്‍ കപ്പല്‍ സര്‍വിസിന് മുന്നിലുള്ള വെല്ലുവിളിയാണെന്നും കരീം വെങ്കിടങ്ങ് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

