യു.എ.ഇ-കസാഖ്സ്താൻ വാണിജ്യ സഹകരണത്തിന് ധാരണ
text_fieldsയു.എ.ഇയും കസാഖ്സ്താനും തമ്മിൽ വാണിജ്യ സഹകരണത്തിന് ധാരണപത്രം ഒപ്പുവെച്ചപ്പോൾ
അബൂദബി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ ഇന്റലിജൻസ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയിൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി തുടങ്ങി വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യു.എ.ഇ-കസാഖ്സ്താൻ ധാരണ. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഔദ്യോഗിക സന്ദർശനത്തിലാണ് തീരുമാനം. കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി.
അസ്താന ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ നടന്ന യു.എ.ഇ-കസാഖ്സ്താൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപസാധ്യതകളും വ്യവസായ സഹകരണവും ചർച്ചയായി. ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയിൽ മേഖലയിലും മികച്ച സഹകരണത്തിന് കസാഖ്സ്താൻ കൃഷി മന്ത്രി സപാരൊവ് ഐദർബെക്, വ്യാപാര മന്ത്രി അർമാൻ ഷകലെവ്
എന്നിവരുമായി യു.എ.ഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ചർച്ച നടത്തി. കാസഖ്സ്താനിലെ കാർഷിക മേഖലക്ക് മികച്ച പിന്തുണ നൽകുമെന്നും ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്ന് യൂസുഫലി പറഞ്ഞു. കസാഖ്സ്താനിലെ മികച്ച കാർഷിക ഉൽപന്നങ്ങൾ യു.എ.ഇയിലെ ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നതിനായി പ്രമുഖ കസാഖ് കമ്പനിയായ അലേൽ അഗ്രോയുമായി ലുലു ഗ്രൂപ് ധാരണപത്രം ഒപ്പുവെച്ചു.
അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, കസാഖ്സ്താൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തിൽ എം.എ. യൂസുഫലി ഉൾപ്പെടെയുള്ളവർ ധാരണപത്രം കൈമാറി. യു.എ.ഇ വ്യാപാര സഹമന്ത്രി ഥാനി ബിൻ അഹമ്മദ് അൽ സയൂദി ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

