ബഹിരാകാശത്തെ പഠിക്കാൻ ‘നാസ’ക്കൊപ്പം യു.എ.ഇയും
text_fieldsനാസയിൽ പഠനം ആരംഭിച്ച ശരീഫ് അൽ റുമൈസിയും സഹക്രൂ അംഗങ്ങളും
ദുബൈ: ബഹിരാകാശ ദൗത്യരംഗത്ത് പുതിയ മേഖലകളിലേക്ക് കാൽവെക്കുന്ന യു.എ.ഇ ‘നാസ’യുമായി സഹകരിച്ച് രണ്ടാം അനലോഗ് പഠനം ആരംഭിച്ചു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററാണ് ‘നാസ’യുടെ ജോൺസൺ സ്പേസ് സെൻററിലെ ഹ്യൂമൻ എക്സ്പ്ലോറേഷൻ റിസർച്ച് അനലോഗ് (ഹേറ) ആവാസ വ്യവസ്ഥയിലേക്ക് എമിറാത്തി ക്രൂ അംഗം ശരീഫ് അൽ റുമൈസി പ്രവേശിച്ചതായി അറിയിച്ചത്. ശനിയാഴ്ച പുലർച്ച രണ്ടുമണിക്ക് യു.എസിലെ ടെക്സാസിലെ ഹൂസ്റ്റണിലാണ് ഇദ്ദേഹം ‘ഹേറ’ എന്ന ബഹിരാകാശത്തിന് തുല്യമായ സംവിധാനത്തിലേക്ക് പ്രവേശിച്ചത്. ഇതിനകത്ത് 45 ദിവസത്തെ ദൗത്യമാണ് ശരീഫ് പൂർത്തിയാക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളായ ജേസൺ ലീ, സ്റ്റെഫാനി നവാരോ, പിയുമി വിജശേഖര എന്നിവർക്കൊപ്പമാണ് ദൗത്യമാരംഭിച്ചത്. ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളിൽ അഭിമുഖീകരിക്കുന്നതുപോലെ ഒറ്റപ്പെടൽ, വിദൂര സാഹചര്യങ്ങൾ എന്നിവയോട് ക്രൂ അംഗങ്ങൾ പൊരുത്തപ്പെടുന്നത് എങ്ങനെയെന്നന് പഠിക്കാനാണ് സംവിധാനം രൂപകൽപന ചെയ്തത്. ഭൂമിയിൽ തന്നെ ബഹിരാകാശ സമാനമായ അവസ്ഥകൾ രൂപപ്പെടുത്തിയ സംവിധാനത്തിന് മൂന്ന് നിലകളുണ്ട്. ബഹിരാകാശത്തെ അതേ സാഹചര്യത്തിലാണ് ഒന്നരമാസം ഇവർ സംവിധാനത്തിനകത്ത് കഴിയുക.
ഈ സംവിധാനത്തിലെ ദൗത്യകാലയളവിൽ ക്രൂ അംഗങ്ങൾ ശാസ്ത്രീയ ഗവേഷണത്തിലും മറ്റു ജോലികളിലും ഏർപ്പെടും. ചൊവ്വയുടെ ഉപരിതലത്തിൽ ഒരു വെർച്വൽ റിയാലിറ്റി നടത്തവും പദ്ധതിയിൽ ഉൾപ്പെടും.
ദൗത്യം പൂർത്തീകരിച്ച് ജൂൺ 24നാണ് ഈ സംഘം സംവിധാനത്തിൽ നിന്ന് പുറത്തുകടക്കുക. നാസയുമായി സഹകരിച്ചുള്ള പദ്ധതിയിലൂടെ ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തിനായി തങ്ങളുടെ കേഡർമാരെ സജ്ജമാക്കുകയാണെന്ന് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽമറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

