ക്രിക്കറ്റ് അക്കാദമികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഒരുങ്ങി യു.എ.ഇ
text_fieldsദുബൈ: രാജ്യത്തെ ക്രിക്കറ്റ് അക്കാദമികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിയുമായി യു.എ.ഇ. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമയുടേത് ഉൾപ്പെടെ പ്രശസ്തമായ നിരവധി ക്രിക്കറ്റ് അക്കാദമികൾ അടുത്തിടെ അടച്ചുപൂട്ടിയ സാഹചര്യത്തിലാണ് അടിയന്തര ഇടപെടലുമായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. രാജ്യത്ത് പ്രവർത്തിക്കുന്ന ക്രിക്കറ്റ് അക്കാദമികൾക്കായി നിയന്ത്രണ ചട്ടക്കൂടുകൾ കൊണ്ടുവരാനാണ് ബോർഡിന്റെ തീരുമാനം. ക്രിക്കറ്റിൽ യുവതാരങ്ങളുടെ വികസനത്തിനായി കൂടുതൽ സൂക്ഷ്മമായ പരിശോധനയും സുതാര്യതയും ദീർഘകാല ആസൂത്രണവും ആവശ്യമാണെന്ന് പരിശീലകരും മുതിർന്ന നടത്തിപ്പുകാരും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് നീക്കം. യു.എ.ഇ ആസ്ഥാനമായുള്ള ക്രിക്കറ്റ് അക്കാദമികൾക്ക് പ്രത്യേക രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാനാണ് പദ്ധതി.
ഈ സംവിധാനം നിലവിൽ വരുന്നതോടെ യു.എ.ഇയിൽ പ്രവർത്തിക്കുന്ന മുഴുവൻ ക്രിക്കറ്റ് അക്കാദമികളും ഇ.സി.ബിയിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ഇങ്ങനെ രജിസ്റ്റർ ചെയ്ത അക്കാദമികൾ ബോർഡിന്റെ നയങ്ങളും നടപടിക്രമങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിക്കും.യു.എ.ഇ ക്രിക്കറ്റിന്റെ അംഗീകൃത ഗവേണിങ് ബോഡിയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. അബൂദബി, അജ്മാൻ, ദുബൈ, ഷാർജ എന്നിവിടങ്ങളിലെ നാല് കൗൺസിലുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതും ഇ.സി.ബിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

