ശുദ്ധോർജം സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധം; ആഗോള ജൈവ ഇന്ധന സഖ്യത്തിൽ യു.എ.ഇ അംഗമായി
text_fieldsദുബൈ: പാരിസ് ഉടമ്പടിയെ പിന്തുണക്കുന്നതിനും ശുദ്ധോർജത്തിലേക്ക് മാറുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമെന്ന് ഊർജ അടിസ്ഥാന വികസന മന്ത്രി സുഹൈൽ അൽ മസ്റൂയി. നൂതനവും സുസ്ഥിരവുമായ ജൈവ ഇന്ധനങ്ങളുടെ വികസനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് രൂപവത്കരിച്ച ആഗോള ജൈവ ഇന്ധന സഖ്യത്തിൽ യു.എ.ഇയും അംഗമായതായി അദ്ദേഹം അറിയിച്ചു. മൂന്ന് ദിവസത്തെ ഗോവ സന്ദർശനം പൂർത്തീകരിച്ച അദ്ദേഹം എക്സ്.കോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പാരിസ് ഉടമ്പടിയിൽ മുന്നോട്ടുവെച്ച ലക്ഷ്യങ്ങളിൽ ഒന്നായ ആഗോള ഊർജ പരിവർത്തന അജണ്ട ചർച്ച ചെയ്യാനായി ഈ മാസം 22ന് ഗോവയിൽ നടന്ന മന്ത്രിതല യോഗത്തിലാണ് സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇന്ത്യയുടെ അധ്യക്ഷതയിൽ രൂപവത്കൃതമായ സഖ്യത്തിൽ യു.എസ്, യു.കെ എന്നീ രാജ്യങ്ങളാണ് മറ്റ് അംഗങ്ങൾ. സെപ്റ്റംബറിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ സഖ്യത്തിന്റെ ഔപചാരികമായ രൂപവത്കരണവും പ്രഖ്യാപനവും നടക്കും. ഊർജമിശ്രിതങ്ങളെ വൈവിധ്യവത്കരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിന്റെയും ഭാഗമായി ജൈവ ഇന്ധന ഉൽപാദന, ഗവേഷണ രംഗത്ത് യു.എ.ഇ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് മന്ത്രി സുഹൈൽ അൽ മസ്റൂയി പറഞ്ഞു.
ശുദ്ധ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാവാനാണ് യു.എ.ഇ ആഗ്രഹിക്കുന്നത്. അതേസമയം, നിലവിലെ ആഗോള ഊർജ ആവശ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ തുടരുകയും ചെയ്യും. 2031 ഓടെ ലോകത്ത് കാർബൺ ബഹിർഗമനം കുറഞ്ഞ ഹൈഡ്രജൻ വാതകത്തിന്റെ ഉൽപാദനവും വിതരണവും നടത്തുന്ന രാജ്യമായി മാറുന്നതിനായി ദേശീയ ഹൈഡ്രജൻ സ്ട്രാറ്റജി യു.എ.യിൽ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതു വഴി 2031ഓടെ രാജ്യത്ത് പ്രതിവർഷം 1.4 ദശലക്ഷം ടൺ ഹൈഡ്രജൻ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

