വിദ്യാഭ്യാസ മേഖലയിൽ നൽകിയത് 16,456 ഗോൾഡൻ വിസ
text_fieldsദുബൈ: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിച്ചത് 16,456 പേർക്ക്. യു.എ.ഇ വിദ്യാഭ്യാസ ദിനത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐ.സി.പി) ആണ് ഇതു സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്. മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ബിരുദധാരികൾ, വിദ്യാഭ്യാസ വിദഗ്ധർ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, പ്രാദേശിക, അന്തർദേശീയ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള മിടുക്കരായ ബിരുദധാരികൾ തുടങ്ങിയവർക്കാണ് പത്തു വർഷ കാലാവധിയുള്ള റസിഡൻസി വിസയായ ഗോൾഡൻ വിസ സമ്മാനിച്ചത്.
ഇതിൽ ഏറ്റവും കൂടുതൽ വിസ സമ്മാനിക്കപ്പെട്ടത് സ്കൂൾ ബിരുദധാരികൾക്കാണ്. 10,710 സ്കൂൾ വിദ്യാർഥികൾ ഗോൾഡൻ വിസ നേടി. അംഗീകൃത സർവകലാശാലകളിൽ നിന്ന് മികച്ച പ്രകടനത്തോടെ ബിരുദം കരസ്ഥമാക്കിയ 5,246 വിദ്യാർഥികൾക്കും ഗോൾഡൻ വിസ ലഭിച്ചു. വിദ്യാഭ്യാസ വിദഗ്ധരായ 337 പേർക്കും അന്താരാഷ്ട്ര അംഗീകാരമുള്ള സർവകലാശാലയിൽ നിന്നുള്ള 147 ബിരുദധാരികൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള 16 ശാസ്ത്രജ്ഞർക്കും ഗോൾഡൻ വിസ സമ്മാനിച്ചിട്ടുണ്ട്.
ഗോൾഡൻ റെസിഡൻസി പ്രോഗ്രാം പോലുള്ള സംരംഭങ്ങളിലൂടെ യു.എ.ഇ വളരെക്കാലമായി വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിലാണ്. വിദ്യാർഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു. അക്കാദമിക മികവിനുള്ള പുരസ്കാരമെന്ന നിലയിൽ മാത്രമല്ല ഗോൾഡൻ വിസ സമ്മാനിച്ചത്. മറിച്ച് രാജ്യത്തിനായി മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിൽ കാണിച്ച ആത്മാർഥതക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ കഴിവുള്ളവരെ ആകർഷിക്കാനും വിദ്യാഭ്യാസ രംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കാനുമായുള്ള സംരംഭങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ രംഗത്ത് യു.എ.ഇ ഗോൾഡൻ വിസ പദ്ധതി അവതരിപ്പിച്ചത്. ദീർഘകാല വിസ നൽകുന്നതുവഴി വിദ്യാർഥികൾക്കും അധ്യാപകർക്കും ലോക നിലവാരത്തിലുള്ള അവസരം നൽകുന്നതിൽ രാജ്യത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

