ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പുമായി യു.എ.ഇ
text_fieldsഡോ. അൻവർ ഗർഗാഷ്
ദുബൈ: സുരക്ഷയും സമാധാനവും നിറഞ്ഞ യു.എ.ഇയിൽ ആക്രമണം നടത്തി ഭീതിവിതക്കാനുള്ള ഹൂതികളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി സർക്കാർ വൃത്തങ്ങൾ. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടികളുണ്ടാകുമെന്ന് വ്യക്തമാക്കി. ഇമാറാത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കം അങ്ങേയറ്റും അപലപനീയമാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഭീകരാക്രമണത്തിനും ക്രിമിനൽ നടപടികൾക്കും എതിരെ പ്രതികരിക്കാൻ യു.എ.ഇക്ക് അവകാശമുണ്ട്. തങ്ങളുടെ നിയമവിരുദ്ധമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രദേശത്ത് ഭീകരവാദവും അരാജകത്വവും വ്യാപിപ്പിക്കാനാണ് ഭീരുത്വം നിറഞ്ഞ പ്രവൃത്തി ഭീകരവാദികൾ നടത്തിയത് -മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെ തള്ളിക്കളയാനും അപലപിക്കാനും അന്താരാഷ്ട്ര സമൂഹം സന്നദ്ധമാകണമെന്നും സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രസ്തവന കൂട്ടിച്ചേർത്തു. ഹൂതി ആക്രമണത്തെ അപലപിച്ച യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് മേഖലയുടെ സുരക്ഷ തകർക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ യു.എ.ഇ സർക്കാർ സുതാര്യമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യും. തിരിച്ചടിക്കാനുള്ള അവകാശം ഇക്കാര്യത്തിലുണ്ടെന്നും തീവ്രവാദ മിലിഷ്യയുടെ കടന്നുകയറ്റം സുരക്ഷ ബാധിക്കാൻ കഴിയാത്ത അത്രയും ദുർബലമാണ്. ഈ അസംബന്ധത്തിന്റെ വിധി മരണവും പരാജയവുമാണ് -അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

