സാമ്പത്തിക, ടൂറിസം മേഖലയിൽ ബന്ധം ശക്തമാക്കാൻ യു.എ.ഇ-ഇസ്രായേൽ ധാരണ
text_fieldsഇസ്രായേൽ ടൂറിസം മന്ത്രി യോവൽ റാസ്വസോവും യു.എ.ഇ എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാൻ അഹ്മദ് അൽ ഫലാസിയും ധാരാണപത്രത്തിൽ ഒപ്പുവെക്കുന്നു
ദുബൈ: സാമ്പത്തിക, ടൂറിസം മേഖലയിൽ ബന്ധം ശക്തമാക്കാൻ യു.എ.ഇയും ഇസ്രായേലും ധാരണയിലെത്തി. ഇസ്രായേൽ ടൂറിസംമന്ത്രി യോവൽ റാസ്വസോവിന്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് ഇതുസംബന്ധിച്ച ധാരണയിൽ ഒപ്പുവെച്ചത്. യു.എ.ഇ എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനും സംരംഭകത്വ-ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രിയുമായ അഹ്മദ് അൽ ഫലാസിയുമായി നടന്ന ചർച്ചക്കുശേഷമാണ് കരാറിലെത്തിയത്. 2020സെപ്റ്റംബറിൽ ഒപ്പുവെച്ച അബ്രഹാം കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കുന്നത്. അബ്രഹാം കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം ഒരു വർഷത്തിനിടയിൽ 700മില്യണിലെത്തിയതായി നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു.
സമീപ കാലത്തെ വിവിധ സഹകരണ കരാറുകൾ യു.എ.ഇയുമായുള്ള ബന്ധത്തിൽ ചരിത്രപരമായ തുടക്കങ്ങൾക്ക് കാരണമായതായി കരാറിൽ ഒപ്പിട്ട ഇസ്രയേൽ മന്ത്രി റാസ്വസോവ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ ടൂറിസം മേഖലയിൽ ശക്തമായ സഹകരണത്തിന് കരാർ തുടക്കം കുറിക്കും. മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിലെ സഹകരണം, ട്രാവൽ ഏജന്‍റുമാർക്കും ടൂറിസം വ്യവസായത്തിലെ മറ്റുള്ളവർക്കും വേണ്ടി വന്‍റുകൾ സംഘടിപ്പിക്കൽ എന്നിവ ഇരുരാജ്യങ്ങളും സഹകരിച്ച് നടപ്പാക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോയിലെ ഇസ്രായേൽ പവിലിയനിൽ ഇരുരാജ്യങ്ങളും തമ്മിലെ ബിസിനസ് സഹകരണത്തിന് പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

