‘ഹൗസ്‌വൈഫ്’ ഇനി ‘ജനറേഷൻ ഷേപ്പർ’ വീട്ടമ്മമാർക്ക് പുതിയ വിശേഷണവുമായി യു.എ.ഇ
text_fieldsനാഷനൽ ബോണ്ട്സ്
ഡെപ്യൂട്ടി സി.ഇ.ഒ
റിഹാബ് ലൂത്ത
ദുബൈ: തങ്ങളുടെ എല്ലാ ഡിജിറ്റൽ, ഇലക്ട്രോണിക് ഇടപാടുകളിലും ‘ഹൗസ്‌വൈഫ്’ എന്നതിന് പകരം ‘ജനറേഷൻ ഷേപ്പർ’ എന്ന് പേരുമാറ്റി യു.എ.ഇയിലെ പ്രമുഖ ശരീഅത്ത് അനുസൃത സമ്പാദ്യ-നിക്ഷേപ കമ്പനിയായ നാഷനൽ ബോണ്ട്സ്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നാഷനൽ ബോണ്ട്സ് പുതിയ വിശേഷണം ഔദ്യോഗികമായി സ്വീകരിച്ചത്.
‘കുടുംബ വർഷം 2026’ ആചരിക്കുന്നതിനിടയിലാണ് ഈ ചരിത്രപരമായ തീരുമാനം. പുതിയ വിശേഷണത്തിലൂടെ, ഭാവി തലമുറകളെ വാർത്തെടുക്കുന്നതിൽ വീട്ടമ്മമാർ വഹിക്കുന്ന നിർണായക പങ്കിനെ ദേശീയ ഉത്തരവാദിത്തത്തിന്റെ ഉന്നത തലത്തിലേക്ക് ഉയർത്തുകയാണ്.
പുതിയ മാറ്റത്തോടൊപ്പം ‘ജനറേഷൻ ഷേപ്പേഴ്സി’നും അവരുടെ കുട്ടികൾക്കുമായി ആകർഷകമായ പ്രത്യേക സമ്മാന പദ്ധതികളും നാഷനൽ ബോണ്ട്സ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ നൽകുന്ന പ്രോത്സാഹന സമ്മാനങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക പുരസ്കാരങ്ങൾ, വർഷം മുഴുവൻ നീളുന്ന വിനോദ-വിദ്യാഭ്യാസ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ ഇവർ വഹിക്കുന്ന സുപ്രധാന പങ്ക് തിരിച്ചറിഞ്ഞ്, അവരെ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കുന്നതിനാണിത്.
നിലവിൽ, ജനറേഷൻ ഷേപ്പർമാരുടേതായി ഏകദേശം 50.5 കോടി ദിർഹമിന്റെ നിക്ഷേപം നാഷനൽ ബോണ്ട്സിന്റെ കീഴിലുണ്ട്. ഇവരിൽ 64 ശതമാനം പേരും തങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യാൻ സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കുന്നു എന്നത് സജീവമായ ഡിജിറ്റൽ പങ്കാളിത്തത്തിന് തെളിവാണ്. സമ്പാദ്യ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കമ്പനി ആരംഭിച്ചതു മുതൽ ഇതുവരെ 2.28 കോടിയിലധികം ദിർഹത്തിന്റെ സമ്മാനങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും നാഷനൽ ബോണ്ട്സ് കണക്കുകൾ വ്യക്തമാക്കുന്നു.
നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളും നിർദേശങ്ങളും സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ യാഥാർഥ്യമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് നാഷനൽ ബോണ്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ റിഹാബ് ലൂത്ത പറഞ്ഞു. ഭാവി തലമുറയെ വളർത്തിയെടുക്കുന്നവരോടുള്ള ആദരവാണ് ജനറേഷൻ ഷേപ്പർ എന്ന പുനർനാമകരണത്തിലൂടെ പ്രതിഫലിക്കുന്നത്. ശക്തമായ കുടുംബങ്ങളെയും അതുവഴി ശക്തമായൊരു രാജ്യത്തെയും കെട്ടിപ്പടുക്കുന്നതിൽ ജനറേഷൻ ഷേപ്പേഴ്സ് വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

