ഇറാന്‍റെ രണ്ട് ഡ്രോണുകൾ പ്രതിരോധിച്ച് യു.എ.ഇ
text_fieldsദുബൈ: സമാധാന ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുമ്പോഴും യു.എ.ഇക്ക് നേരെ ആക്രമണം തുടർന്ന് ഇറാൻ. ഞായറാഴ്ച ഇറാനിൽ നിന്നെത്തിയ രണ്ട് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു.
കൂടാതെ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തത്തിനും ആക്രമണം കാരണമായിരുന്നു. രാജ്യത്തിനു നേരെ ഇതുവരെ ഇറാനിൽ നിന്ന് എത്തിയ 551 ബാലിസ്റ്റിക് മിസൈലുകളും 29 ക്രൂസ് മിസൈലുകളും 2,265 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 10 സിവിലയൻമാരും മൂന്ന് സൈനികരും അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ, ഈജിപ്ത് പൗരൻമാരാണ് കൊല്ലപ്പെടട്ട സിവിലയൻമാർ. വീരമൃത്യുവരിച്ച സൈനികരിൽ രണ്ട് പേർ യു.എ.ഇ പൗരൻമാരും ഒരാൾ മൊറോക്കൻ പൗരനുമാണ്. ഇദ്ദേഹം യു.എ.ഇ സായുധ സേനക്ക് വേണ്ടി പ്രവർത്തിച്ചുവരികയായിരുന്നു.
ഇതുവരെ നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 230 ആണ്. ഇന്ത്യ ഉൾപ്പെടെ 31 ലോക രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ പരിക്കേറ്റവരിൽ ഉൾപ്പെടും. രാജ്യത്തിന്‍റെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഏത് ഭീഷണികളേയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. അതേസമയം, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

