യു.എ.ഇ 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും പ്രതിരോധിച്ചു
text_fieldsദുബൈ: ഞായറാഴ്ച ഇറാനിൽ നിന്ന് അയച്ച 16 ബാലിസ്റ്റിക് മിസൈലുകളും 42 ഡ്രോണുകളും പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം രാജ്യത്ത് അപകടകരമായ സംഭവങ്ങളൊന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുതായി ആർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല.
ആക്രമണം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം ഇതിനകം 414 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1914 ഡ്രോണുകളും തടഞ്ഞിട്ടുണ്ട്. വ്യോമപ്രതിരോധത്തിനിടെ ചീളുകൾ വീണും മറ്റു അപകടങ്ങളിലുമായി 11 പേർ രാജ്യത്ത് മരിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേർ സൈനിക ഉദ്യോഗസ്ഥരാണ്. ആകെ പരിക്കേറ്റവർ 178പേരാണ്. ഇവരിൽ ശനിയാഴ്ച പരിക്കേറ്റ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടും.
പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്നും നേരത്തെ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. അതോടൊപ്പം മിസൈൽ അവശിഷ്ടങ്ങൾ സമീപിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്നും, ഇത്തരം വസ്തുക്കൾ കണ്ടാൽ അടിയന്തര സേവന വിഭാഗങ്ങളെ ഉടൻ അറിയിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചിരുന്നു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ സന്നദ്ധമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

