Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ പ്രവർത്തനം നിർത്തിയ നാല് ഇന്ത്യന്‍ സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി എങ്ങനെ കിട്ടും?

text_fields
bookmark_border
പുതിയ നിര്‍ദേശരേഖയുമായി അല്‍ഹിന്ദ്
യു.എ.ഇയിൽ പ്രവർത്തനം നിർത്തിയ നാല് ഇന്ത്യന്‍ സേവന കേന്ദ്രങ്ങളിൽ നിന്നുള്ള പാസ്പോർട്ടുകൾ ഇനി എങ്ങനെ കിട്ടും?
cancel

അബൂദബി: യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന നാല് ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ (ഐ.സി.എ.സി.) പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തില്‍, അപേക്ഷകര്‍ക്കായി താല്‍കാലിക സേവന ദാതാക്കളായ 'അല്‍ഹിന്ദ്' പുതിയ സര്‍വീസ് നിര്‍ദേശരേഖ (അഡൈ്വസറി) പുറപ്പെടുവിച്ചു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്. ഒക്ടോബര്‍ 25 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ അറിയിപ്പ് പ്രകാരം, പ്രവര്‍ത്തനം അവസാനിപ്പിച്ച നാല് സെന്ററുകളില്‍ നിന്നും വിതരണം ചെയ്യാനുണ്ടായിരുന്ന പാസ്പോര്‍ട്ടുകള്‍ ഇനി മുതല്‍ നിശ്ചിത രണ്ട് പുതിയ കേന്ദ്രങ്ങള്‍ വഴി മാത്രമേ ലഭ്യമാകൂ.

മറ്റു 12 കേന്ദ്രങ്ങളില്‍ സേവനം തുടരും

നേരത്തെ ഒക്ടോബര്‍ 22 മുതല്‍ ഈ നാല് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ബുധനാഴ്ച എംബസി അറിയിച്ചിരുന്നു. അതേസമയം, യു.എ.ഇയിലുടനീളമുള്ള മറ്റ് 12 സെന്ററുകള്‍ വഴി കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ (അറ്റസ്റ്റേഷന്‍) സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്. അടച്ചുപൂട്ടിയ സെന്ററുകളില്‍ നടപടികള്‍ പൂര്‍ത്തിയായ പാസ്പോര്‍ട്ടുകള്‍ കൈപ്പറ്റുന്നതിനായി മൂന്ന് കേന്ദ്രങ്ങള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കുമെന്ന് അല്‍ഹിന്ദ് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഈ താത്കാലിക ക്രമീകരണത്തിനാണ് പുതിയ അറിയിപ്പോടെ അവസാനമായിരിക്കുന്നത്.

പുതിയ വിതരണ കേന്ദ്രങ്ങള്‍

പുതിയ വിവരമനുസരിച്ച് ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് (ഡി.ഐ.പി.), ഷാര്‍ജ അല്‍ മജാസ് എന്നീ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ബാക്കിയുള്ള അപേക്ഷകര്‍ ബര്‍ ദുബൈയിലെ 'യു.ഡബ്ല്യു മാള്‍' കേന്ദ്രത്തിലെത്തി പാസ്പോര്‍ട്ടുകള്‍ കൈപ്പറ്റേണ്ടതാണ്. അബൂദബിയിലെ മുസഫ, അല്‍ റീം എന്നീ സെന്ററുകളില്‍ അപേക്ഷ നല്‍കിയവര്‍ അബൂദബി അല്‍ ദാന സെന്ററിലാണ് ഇനി പാസ്പോര്‍ട്ട് വാങ്ങാന്‍ എത്തേണ്ടത്. മുമ്പ് അല്‍ റീം സെന്ററിലെ പാസ്പോര്‍ട്ടുകള്‍ അല്‍ ദാന വഴി വിതരണം ചെയ്തിരുന്നെങ്കിലും, ഡി.ഐ.പി, അല്‍ മജാസ്, മുസഫ സെന്ററുകളില്‍ വിതരണ കൗണ്ടറുകള്‍ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 25 മുതല്‍ ഈ നാല് കേന്ദ്രങ്ങളും പൂര്‍ണമായും അടച്ചതായി അല്‍ഹിന്ദ് വ്യക്തമാക്കി.

കൊറിയര്‍ അപേക്ഷകര്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല

നേരത്തെ പാസ്പോര്‍ട്ടുകള്‍ നേരിട്ട് കൈപ്പറ്റാന്‍ ഓപ്ഷന്‍ നല്‍കിയ അപേക്ഷകര്‍ മാത്രമാണ് ഈ പുതിയ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. കൊറിയര്‍ ഡെലിവറി തിരഞ്ഞെടുത്തവര്‍ക്ക് നിശ്ചിത കൊറിയര്‍ സര്‍വീസ് വഴി പാസ്പോര്‍ട്ടുകള്‍ വിലാസത്തില്‍ ലഭിക്കും.

ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു

യു.എ.ഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലാര്‍ സേവനങ്ങളുടെ കരാര്‍ നടപടികളില്‍ നടക്കുന്ന പുനഃസംഘടനയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതിനായി സെപ്റ്റംബര്‍ 28ന് ഇന്ത്യന്‍ എംബസി പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. നിലവില്‍ അല്‍ഹിന്ദ് നടത്തുന്ന ഈ സേവനങ്ങളുടെ പുതിയ കരാര്‍ നവംബര്‍ 27 മുതലാണ് അനുവദിക്കുക. പുതിയ ടെന്‍ഡര്‍ നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും അല്‍ഹിന്ദ് സേവനം തുടരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുക. പാസ്പോര്‍ട്ട് വിതരണ ക്രമീകരണങ്ങളും കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും സംബന്ധിച്ച പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE Indian Passport Centers
Next Story