ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരത്തിൽ കുതിപ്പ്
text_fieldsദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള എണ്ണയിതര വ്യാപാരത്തിൽ വൻ കുതിപ്പ്. 2024 വർഷത്തിലെ ആദ്യ പത്തു മാസത്തിൽ എണ്ണയിതര വ്യാപാരത്തിൽ 22 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. യു.എ.ഇയുടെ ഏറ്റവും വലിയ മൂന്നാത്തെ വ്യാപാരപങ്കാളിയാണ് ഇന്ത്യ.
2024 ഒക്ടോബർ അവസാനം വരെ 5,380 കോടി യു.എസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് ഇരുരാഷ്ട്രങ്ങളും തമ്മിൽ നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 22.6 ശതമാനത്തിന്റെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയതെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം പറയുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ദൃഢത അടയാളപ്പെടുത്തുന്നതാണ് കണക്കുകൾ. ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സമഗ്രസാമ്പത്തിക പങ്കാളിത്ത കരാറാണ് വ്യാപാരത്തിൽ പ്രതിഫലിച്ചത്.
വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 മേയിലാണ് ഇന്ത്യയും യു.എ.ഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ‘സെപ’ ഒപ്പുവച്ചത്. നേരത്തെ ഊർജ മേഖലയിൽ മാത്രമുണ്ടായിരുന്ന വ്യാപാര ബന്ധമാണ് ‘സെപ’യിലൂടെ മറ്റു മേഖലയിലേക്കും വ്യാപിച്ചത്. 2030 ഓടെ നൂറ് ബില്യണ് യു.എസ് ഡോളറിന്റെ എണ്ണയിതര വ്യാപാരമാണ് കരാർ ലക്ഷ്യം വെക്കുന്നത്. 2022-23 ലെ കണക്കു പ്രകാരം 8,365 കോടി യു.എസ് ഡോളറാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. 2013-14 കാലയളവിൽ ഇത് 5950 കോടി യു.എസ് ഡോളർ മാത്രമായിരുന്നു. യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ മൂന്നിലൊന്നും പെട്രോളിയം ഉത്പന്നങ്ങളാണ്.
കഴിഞ്ഞ നവംബറിൽ മാത്രം 612 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ രാജ്യത്തു നിന്ന് ഇറക്കുമതി ചെയ്തത്. മുൻ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഇറക്കുമതിയിൽ 109.57 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള കയറ്റുമതിയിൽ 11.38 ശതമാനത്തിന്റെ വർധനയുമുണ്ടായി.
ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ വർഷം സെപറ്റംബറിൽ ഇന്ത്യയിലെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുകയും സെപ കരാറിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, വ്യാപാര-വാണിജ്യ രംഗത്തെ പുരോഗതികൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

