ദുബൈയിൽ ഇന്ത്യ-യു.എ.ഇ സൗഹൃദ ആശുപത്രി
text_fieldsഇന്ത്യ-യു.എ.ഇ സൗഹൃദ ആശുപത്രി സ്ഥാപക ട്രസ്റ്റികൾ ശൈഖ് ഹംദാനും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിനുമൊപ്പം
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതിയിൽ ഇന്ത്യ-യു.എ.ഇ സൗഹൃദ ആശുപത്രിയും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രി സാധാരണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ് പ്രവർത്തിക്കുക. ദുബൈയിൽ സ്ഥാപിക്കുന്ന ആശുപത്രി ദുബൈ ഹെൽത്തും അഞ്ച് ഇന്ത്യൻ സംരംഭകരും ചേർന്നാണ് നിർമിക്കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു സംരംഭകരും ആശുപത്രിയുടെ സ്ഥാപക ട്രസ്റ്റികളായിരിക്കും.
പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ദുബൈ ഹെൽത്ത് സി.ഇ.ഒ ഡോ. ആമിർ ഷെരീഫും സംരംഭകരും തമ്മിൽ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ശൈഖ് ഹംദാന്റെ മുംബൈ സന്ദർശനത്തിനിടെ ദുബൈ ചേംബേഴ്സ് ഒരുക്കിയ പ്രത്യേക ചടങ്ങിലാണ് കരാർ ഒപ്പുവെച്ചത്.
മലയാളിയും കെഫ് ഹോൾഡിങ്സ് ചെയർമാനുമായ ഫൈസൽ കൊട്ടിക്കൊള്ളൻ, അപ്പാരൽ ഗ്രൂപ് ചെയർമാൻ നിലേഷ് വേദ്, ബ്യൂമെർക് കോർപറേഷൻ എക്സിക്യൂട്ടിവ് ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, ഇ.എഫ്.എസ് ഫെസിലിറ്റീസ് വൈസ് ചെയർമാൻ താരിഖ് ചൗഹാൻ, ട്രാൻസ്വേൾഡ് ഗ്രൂപ് ചെയർമാൻ രമേഷ് എസ്. രാമകൃഷ്ണൻ എന്നിവരാണ് സ്ഥാപക ട്രസ്റ്റികൾ. ഇവരെല്ലാം യു.എ.ഇ-ഇന്ത്യ ബിസിനസ് ബിസിനസ് കൗൺസിൽ യു.എ.ഇ ചാപ്റ്റർ അംഗങ്ങളാണ്.
ശൈഖ് ഹംദാന്റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ച് ദുബൈ ചേംബേഴ്സ് മുംബൈയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ എട്ട് ധാരണപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെയും ശൈഖ്ഹംദാന്റെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അടിസ്ഥാന സൗകര്യം, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ ഇടപെടൽ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ധാരണപത്രങ്ങൾ.
ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ ഇൻഫ്രാസ്ട്രക്ചർ, കൺസൾട്ടൻസി, എൻജിനീയറിങ് സ്ഥാപനമായ ‘റൈറ്റ്സു’മായി ഡി.പി വേൾഡ് ഒപ്പുവെച്ച ധാരണപത്രവും ഇതിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

