ഗസ്സയിൽ കുടിനീരൊഴുക്കി യു.എ.ഇ; പ്രധാന ജലസേചന പൈപ്പ്ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു
text_fieldsവടക്കൻ ഗസ്സയിൽ ഉദ്ഘാടനം ചെയ്ത കുടിവെള്ള
പൈപ്പ് ലൈൻ പദ്ധതി
ദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് ദാഹമകറ്റാൻ ശുദ്ധജലമെത്തിച്ച് യു.എ.ഇ. ഈജിപ്തിൽ യു.എ.ഇ നിർമിച്ച കടൽവെള്ള ശുദ്ധീകരണ പ്ലാന്റിൽ നിന്ന് ഗസ്സയിലേക്ക് ശുദ്ധജലമെത്തിക്കുന്നതിനുളള പ്രധാന കുടിവെള്ള പൈപ്പ്ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിനായിരക്കണക്കിന് ഫലസ്തീനികൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ കഴിയുന്നതാണ് അതി ബൃഹത്തായ പദ്ധതി. ഓപറേഷൻ ഷിവർലെസ് നൈറ്റ് 3 സംരംഭത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ പദ്ധതിയെ പിന്തുണക്കുന്ന കമ്മിറ്റി അംഗങ്ങൾ, കോസ്റ്റൽ മുനിസിപ്പാലിറ്റി വാട്ടർ യൂട്ടിലിറ്റി പ്രതിനിധികൾ, വിവിധ രംഗങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ, സാമൂഹിക, സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഈജിപ്തിൽ നിന്ന് പൈപ്പ് ലൈൻ വഴി വടക്കൻ ഗസ്സയിലേക്ക് ജലവിതരണം ആരംഭിച്ചതായി ചടങ്ങിൽ പ്രതിനിധികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഏഴു കിലോമീറ്റർ നീളത്തിൽ സ്ഥാപിച്ച പൈപ്പ്ലൈനിന് പ്രതിദിനം 20 ലക്ഷം ഗാലൻ ശുദ്ധജലമെത്തിക്കാനുള്ള ശേഷിയുണ്ട്. ഇതു വഴി 10 ലക്ഷം പേർക്ക് ഒരേ സമയം കുടിവെള്ളം ലഭ്യമാവും. മറ്റിടങ്ങളിൽ കുടിവെള്ളവിതരണം ഉറപ്പുവരുത്താൻ ഖാൻ യൂനിസിലെ അൽ ബുറാഖ് ജലസംഭരണിയുമായി പൈപ്പ്ലൈനിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
ആറ് കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കൽ, ജലസംഭരണികളും ടാങ്കറുകളും ലഭ്യമാക്കൽ, കിണറുകളുടെ പരിപാലനം തുടങ്ങിയവ ഉൾപ്പെടെ യു.എ.ഇയുടെ നിരന്തര ശ്രമഫലമാണ് സുപ്രധാനമായ പദ്ധതി യാഥാർഥ്യമായത്. ഉദ്ഘാടന പരിപാടികൾക്ക് ശേഷം മാധ്യമ പ്രവർത്തകർ, പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധികൾ, സാമൂഹിക നേതാക്കൾ എന്നിവർ പൈപ്പ്ലൈനുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
ഗസ്സയിലെ ജനങ്ങളെ പിന്തുണക്കുന്നതിൽ യു.എ.ഇ ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് പദ്ധതി അടിവരയിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

