യു.എ.ഇ: കിഴക്കൻ മേഖലയിൽ ശക്തമായ മഴ
text_fieldsഷാർജ: രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ ബുധനാഴ്ച ശക്തമായ മഴ. ഷാർജ എമിറേറ്റിന്റെ ഭാഗമായ കൽബ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ എന്നിവിടങ്ങളിലും ഫുജൈറയുടെ ചില ഭാഗങ്ങളിലും മഴ ലഭിച്ചു. പലയിടങ്ങളിലും റോഡുകൾ വെള്ളത്തിലായി. ചിലയിടങ്ങളിൽ വീടുകളിലും കടകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽകണ്ട് ഷാർജയുടെ കിഴക്കൻ മേഖലയിൽ 61കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാലു ഹോട്ടലുകളിലായാണ് 346പേരടങ്ങുന്ന ഇമാറാത്തി കുടുംബങ്ങളെ മാറ്റിയതെന്ന് ഷാർജ ഹൗസിങ് വകുപ്പ് അറിയിച്ചു. കൽബ സിറ്റിയിലാണ് 56 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. ദിബ്ബ അൽ ഹിസ്നിൽ മൂന്നു കുടുംബങ്ങളെയും ഖോർഫക്കാനിൽ രണ്ട് കുടുംബങ്ങളെയും ഹോട്ടലുകളിലേക്ക് മാറ്റി.
സർക്കാറിന്റെ സാങ്കേതിക വിഭാഗം വെള്ളം ഉയർന്ന പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. താമസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളിലുള്ളവർക്ക് സ്ഥിര സംവിധാനം നിർമിക്കുന്നതുവരെ അധികൃതർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കിഴക്കൻ മേഖലയിൽ കനത്ത മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. താമസക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. പല വാദികളും നിറഞ്ഞൊഴുകി റോഡുതാഗതം തടസപ്പെടുന്നുണ്ട്. കൽബ വ്യവസായ മേഖലയിലും വെള്ളം നിറഞ്ഞു. അതേസമയം, റോഡുകളിലെയും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റി അധികൃതർ സജീവമായി രംഗത്തുണ്ട്. ശക്തമായ മഴയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ ഷാർജയിൽ തിങ്കളാഴ്ച 707 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയിൽ 300ലധികം കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചുതായും ഷാർജ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

