യു.എ.ഇയിൽ 41 സർവകലാശാല ബിരുദങ്ങൾക്ക് ഇനി തത്സമയ അംഗീകാരം
text_fieldsഅബൂദബി: യു.എ.ഇയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്ക് തത്സമയം അംഗീകാരം (ഓട്ടോമാറ്റിക് റെക്കഗ്നിഷൻ ) നൽകുന്ന പദ്ധതി വിപുലീകരിച്ച് ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം. രാജ്യത്തെ 41 സർവകലാശാലകളിൽ നിന്നുള്ള 20536 ബിരുദങ്ങൾക്ക് ഇതിനോടകം ഈ സേവനം ലഭ്യമാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
യു.എ.ഇ. സർക്കാറിന്‍റെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്കും 'സീറോ ബ്യൂറോക്രസി' നയത്തിനും കരുത്തുപകരുന്നതാണ് നടപടി. പുതിയ സംവിധാനം നിലവിൽ വന്നതോടെ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ അംഗീകാരത്തിനായോ മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സർവകലാശാലകളും മന്ത്രാലയവും തമ്മിലുള്ള നേരിട്ടുള്ള ഇലക്ട്രോണിക് ഡാറ്റാ കൈമാറ്റത്തിലൂടെ ബിരുദദാനത്തിനൊപ്പം തന്നെ സർട്ടിഫിക്കറ്റിന്‍റെ അംഗീകാരവും ലഭ്യമാകും.
പദ്ധതി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മന്ത്രാലയം ഏകോപന യോഗങ്ങൾ പൂർത്തിയാക്കി. നിലവിൽ സേവനം നൽകുന്ന 41 സ്ഥാപനങ്ങൾക്ക് പുറമെ പദ്ധതിയിൽ ചേരാനൊരുങ്ങുന്ന 45 സർവകലാശാലകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഇതിൽ 18 സർവകലാശാലകളുമായുള്ള സാങ്കേതിക ഏകോപനം അവസാന ഘട്ടത്തിലാണ്.
പരമ്പരാഗതമായി നിലനിന്നിരുന്ന നേരിട്ടുള്ള അപേക്ഷ സമർപ്പണവും മാനുവൽ പരിശോധനകളും ഒഴിവാക്കി തത്സമയ ഡിജിറ്റൽ സേവനത്തിലേക്ക് മാറുന്നത് ഉദ്യോഗാർഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ യോഗ്യതാ അംഗീകാര വിഭാഗം ഡയറക്ടർ അബ്ദുൽ വഹാബ് അബ്ദുല്ല അൽ ജംഹി പറഞ്ഞു. ഇത് വിവരങ്ങളുടെ സുതാര്യത ഉറപ്പാക്കാനും ബിരുദധാരികൾക്ക് തൊഴിൽ വിപണിയിലേക്ക് വേഗത്തിൽ പ്രവേശിക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തനം എങ്ങനെ?
പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ബന്ധപ്പെട്ട സർവകലാശാലകൾ ഇലക്ട്രോണിക് സംവിധാനം വഴി മന്ത്രാലയത്തിന് കൈമാറും. വിവരങ്ങൾ ഒത്തുനോക്കി അംഗീകാരം നൽകിയ ശേഷം ഡിജിറ്റൽ രേഖകൾ വിദ്യാർഥിയുടെ ഡിജിറ്റൽ വാലറ്റിലേക്കും സർവകലാശാലാ പോർട്ടലിലേക്കും അയക്കും. ‘യു.എ.ഇ. പാസ്’ വഴിയും സർവകലാശാലാ പോർട്ടലുകൾ വഴിയും ഇത് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
സ്വദേശി പ്രാതിനിധ്യത്തിനും സഹായകം
സ്വദേശി ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന ‘നാഫിസ്’ പദ്ധതിക്കും ഈ സംവിധാനം ഏറെ പ്രയോജനകരമാണ്. സർട്ടിഫിക്കറ്റുകൾക്ക് തത്സമയം അംഗീകാരം ലഭിച്ചതോടെ 9837 ലേറെ സ്വദേശി ബിരുദധാരികൾക്ക് നാഫിസിൽ തടസങ്ങളില്ലാതെ പ്രൊഫൈലുകൾ ഉണ്ടാക്കാനും തൊഴിൽ നേടാനും സാധിച്ചു.
ഫെഡറൽ, ലോക്കൽ, സ്വകാര്യ സർവകലാശാലകൾക്ക് അനുയോജ്യമായ സാങ്കേതിക സംവിധാനങ്ങളാണ് സഇതിനായി മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. സർട്ടിഫിക്കറ്റുകൾക്കായി മന്ത്രാലയങ്ങൾ സന്ദർശിക്കുന്നതും രേഖകൾ സമർപ്പിക്കുന്നതും ഒഴിവാക്കി പൂർണ ഡിജിറ്റൽ സേവനത്തിലേക്ക് മാറാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

