ആഗോളതലത്തിൽ യു.എ.ഇക്ക് പ്രാധാന്യമേറി -എസ്. ജയ്ശങ്കർ
text_fieldsഅൻവർ ഗർഘാഷ് നയതന്ത്രകാര്യ അക്കാദമിയിൽ സംസാരിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ
അബൂദബി: കൂടുതൽ രാജ്യങ്ങൾക്ക് പ്രാധാന്യമുള്ള ബഹുധ്രുവ സാഹചര്യത്തിലേക്ക് ലോകം അതിവേഗത്തിൽ മാറുന്നതിനാൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾക്ക് പ്രാധാന്യമേറിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ. യു.എ.ഇ സന്ദർശനത്തിനെത്തിയ അദ്ദേഹം അബൂദബിയിൽ അൻവർ ഗർഘാഷ് നയതന്ത്രകാര്യ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു. മുമ്പ് ഓരോ രാജ്യങ്ങളും ഓരോ ശക്തികൾ എന്ന നിലയിലാണ് മനസ്സിലാക്കപ്പെട്ടിരുന്നത്.
എന്നാലിന്ന് ഓരോ മേഖലയും ഓരോ യൂനിറ്റാവുന്ന സാഹചര്യമുണ്ട്. പശ്ചിമേഷ്യ ഇക്കാര്യത്തിന് ഉദാഹരണമാണ്. 10 വർഷം മുമ്പത്തെ സാഹചര്യമല്ല ഈ മേഖലയിലെന്ന് നമുക്ക് കാണാനാവും -അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിലെ അഞ്ച് വൻ നഗരങ്ങളുടെ പട്ടികയിൽ 20 വർഷം മുമ്പ് യു.എ.ഇ ഉണ്ടായിരുന്നില്ലെങ്കിൽ, ഇപ്പോൾ യു.എ.ഇയും ദുബൈയും ആ നേട്ടം കൈവരിച്ചു കഴിഞ്ഞെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു.
വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കാനുള്ള കഴിവാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. യു.എ.ഇയുമായുള്ള ബന്ധം ഇന്ത്യക്ക് വളരെ പ്രയോജനകരമാണ്. ആധുനികവും പുരോഗമനപരവുമായ മറ്റൊരു സമൂഹവുമായി പ്രവർത്തിക്കാൻ ഇന്ത്യക്ക് ഇത് അവസരം നൽകുന്നു. അതിനാൽ എപ്പോഴും ഇവിടെ വരുന്നത് സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 25 വർഷത്തിനിടയിൽ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നതോടെ നിരവധി മാറ്റങ്ങൾക്കും അവസരങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിദിന സന്ദർശനത്തിനായി ബുധനാഴ്ച യു.എ.ഇയിലെത്തിയ മന്ത്രി ഇന്ത്യ-യു.എ.ഇ സഹകരണവുമായി ബന്ധപ്പെട്ട 14ാമത് ഇന്ത്യ-യു.എ.ഇ ജോയന്റ് കമീഷൻ മീറ്റിങ്ങിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനൊപ്പം പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

