കേരളം പഴയ കേരളമല്ല
text_fieldsദുബൈ: മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിൽ ദുബൈയിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും നിക്ഷേപ വാഗ്ദാനങ്ങളും യാഥാർഥ്യമായാൽ വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലും മുന്നിട്ടുനിൽക്കുന്ന കേരളം വ്യവസായ സമൃദ്ധിയിലും നമ്പർ വൺ ആകുമെന്നുറപ്പ്. വൻകിട വ്യവസായികൾക്കൊപ്പം സാധാരണക്കാരായ പ്രവാസികൾക്കും നിക്ഷേപത്തിനും വരുമാനത്തിനും അവസരമൊരുക്കുന്ന പദ്ധതികൾ കൂടി പ്രഖ്യാപിച്ചതാണ് മുഖ്യമന്ത്രിയുടെ ഇത്തവണത്തെ സന്ദർശനത്തിെൻറ ഹൈലൈറ്റ്. സാമ്പത്തികമായി ഏറെ മുന്നാക്കം നിൽക്കുന്നവരല്ലാത്ത, എന്നാൽ ഒാഹരി വാങ്ങുവാൻ സാധിക്കുന്നവരായ സാധാരണ പ്രവാസി സഹോദരങ്ങൾക്ക് നിക്ഷേപകരാവാൻ സർക്കാർ അവസരമൊരുക്കുമെന്നും അവർക്ക് കൃത്യമായി വരുമാനം നൽകും എന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഇന്നലെ ദുബൈയിൽ നടന്ന ചർച്ചയോട് വ്യവസായ നായകരെല്ലാം ഏറെ പ്രതീക്ഷയോടെയാണ് പ്രതികരിച്ചത്. മുമ്പ് കേരളത്തിലുണ്ടായിരുന്ന നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ പടിപടിയായി ഇല്ലാതാക്കി നിക്ഷേപ സൗഹൃദ ദേശമായി കേരളം മാറിക്കഴിഞ്ഞുവെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. നമ്മുടെ ഭാവി തലമുറയുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കൽ സർക്കാറിെൻറ മാത്രം ബാധ്യതയല്ല. വ്യവസായികളും ഉദ്യോഗസ്ഥരും അടക്കമുള്ള എല്ലാവരും ഒന്നായി പ്രവർത്തിച്ചാലേ നമ്മുടെ മക്കൾക്ക് േജാലി ലഭിക്കുകയുള്ളൂ.
ലുലു ഗ്രൂപ് ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻററും ഷോപ്പിങ് മാളും കേരളത്തിലാണ് തുറന്നത്. ഫുഡ് പ്രോസസിങ് പ്ലാൻറ് മൂന്നു മാസത്തിനുള്ളിൽ തറക്കല്ലിടും. എല്ലാവിധ ഭക്ഷ്യ ഉൽപന്നങ്ങളും സംസ്കരിക്കുന്ന കേന്ദ്രമായി മാറും. പൈനാപ്പിൾ ഉൾപ്പെടെ ഫലവർഗങ്ങൾ സംസ്കരിക്കാനും കേരളത്തിെൻറ ഉൽപന്നങ്ങൾ നാനാ ദിക്കുകളിലേക്ക് എത്തിക്കുവാനുമുള്ള പദ്ധതിയാണ് ഒരുക്കുന്നത്. 1500 കോടി രൂപയാണ് ലുലു ഗ്രൂപ് കേരളത്തിലേക്ക് പുതുതായി നിക്ഷേപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോടിനും കൊച്ചിക്കും പുറമെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. അംഗീകാരം ലഭിച്ചാൽ ആറു മാസത്തിനകം നിർമാണം ആരംഭിക്കുമെന്നും രണ്ടു വർഷംകൊണ്ട് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 2500 പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ മുൻനിര ഇന്ത്യൻ വ്യവസായികളായ ഗൾഫാർ പി. മുഹമ്മദലി, പി.വി. അബ്ദുൽ വഹാബ് എം.പി, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹ്മദ്, ഫിനാബ്ലർ സി.ഇ.ഒ പ്രമോദ് മങ്ങാട്, രവി പിള്ള, എം.എ. അഷ്റഫ് അലി, ഡോ. ഷംഷീർ വയലിൽ, ഡോ. പി.എ. ഇബ്രാഹിം ഹാജി, അദീബ് അഹ്മദ്, ശംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, എം.എ. സലീം തുടങ്ങിയവരും സംഗമത്തിൽ സംബന്ധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
