അറേബ്യയിലെ ഏറ്റവും സന്തുഷ്ട രാജ്യം യു.എ.ഇ
text_fieldsഅബൂദബി: ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആഗോളതലത്തിൽ യു.എ.ഇക്ക് 20ാം സ്ഥാനം. അറേബ്യൻ രാജ്യങ്ങളിൽ യു.എ.ഇ ആണ് പട്ടികയിൽ ഏറ്റവും മുന്നിൽ. ലോകത്തെ 156 രാജ്യങ്ങളിലെ ജനങ്ങളുടെ അഭിപ്രായം താരതമ്യം ചെയ്ത് ഐക്യരാഷ്ട്ര സഭക്ക് കീഴിലെ പഠന സമിതിയാണ് പട്ടിക തയാറാക്കിയത്.
അറേബ്യൻ മേഖലാടിസ്ഥാനത്തിൽ ഖത്തർ, സൗദി, ബഹ്റൈൻ, കുവൈത്ത് രാജ്യങ്ങൾ യഥാക്രമം രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലെത്തി. ആഗോളാടിസ്ഥാനത്തിൽ ഖത്തർ 32, സൗദി 33, ബഹ്റൈൻ 43, കുവൈത്ത് 45 സ്ഥാനങ്ങളിലാണുള്ളത്.
ജനങ്ങളുടെ ആളോഹരി വരുമാനം, സാമൂഹിക പരിചരണം, ശരാശരി ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കപ്പെട്ടത്. ഫിൻലാൻഡ് ആണ് സന്തോഷകാര്യത്തിൽ ലോക തലത്തിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നിൽ ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയാണ്. കഴിഞ്ഞ വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നോർവേ ഇക്കുറി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫിൻലാൻഡിനും നോർവേക്കും പുറമെ െഡന്മാർക്ക്, ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, ഹോളണ്ട്, കാനഡ, ന്യൂസിലാൻഡ്, സ്വീഡൻ, ആസ്േത്രലിയ രാജ്യങ്ങളാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ. ഇന്ത്യക്ക് 133ാം സ്ഥാനമാണ് പട്ടികയിൽ. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ 75, ചൈന 86, നേപ്പാൾ 101, ബംഗ്ലാദേശ് 115, ശ്രീലങ്ക 116, മ്യാൻമർ 130, അഫ്ഗാനിസ്താൻ 145 സ്ഥാനങ്ങളിലാണുള്ളത്.