സന്ദർശക വിസക്കാർക്ക് ആശ്വാസം; ഒരു മാസം യു.എ.ഇയിൽ തുടരാം
text_fieldsദുബൈ: യു.എ.ഇയിലുള്ള സന്ദർശക വിസക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി ഫെഡറൽ അതോറിറ്റി. വിസ കാലാവധി അവസാനിച്ചവർക്ക് ഒരു മാസം കൂടി യു.എ.ഇയിൽ തുടരാൻ ഗ്രേസ് പിരീഡ് അനുവദിച്ചു. യു.എ.ഇ സൗജന്യമായി നീട്ടി നൽകിയ വിസ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. സന്ദർശക വിസയുടെ കലാവധി കഴിഞ്ഞവർ ഒരു മാസത്തിനുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണം.
ഇന്ന് മുതൽ വിസ പിഴ അടക്കേണ്ടി വരുമെന്ന ഭയത്താൽ ട്രാവൽ ഏജൻസികൾക്ക് മുന്നിൽ വിസ പുതുക്കുന്നവരുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ആദ്യ ദിവസം 210 ദിർഹവും ബാക്കിയുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ് യു.എ.ഇയിലെ വിസ പിഴ. ദിവസവും 100 ദിർഹം വീതം പിഴ അടക്കേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇേത തുടർന്നാണ് പ്രവാസികൾ കൂട്ടത്തോടെ വിസ പുതുക്കാൻ എത്തിയത്. കാലാവധി തീരുന്നതിന് മുൻപ് നാട്ടിലെത്താൻ കഴിഞ്ഞ ദിവസങ്ങളിലെ വിമാനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാതെ വന്നവർക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. 1600-2000 ദിർഹമാണ് സന്ദർശക വിസയെടുക്കുന്നതിന് അടക്കേണ്ടത്.
കോവിഡ് വ്യാപനം ശക്തി പ്രാപിച്ചതോടെ വിമാന വിലക്കേർപെടുത്തിയ സാഹചര്യത്തിലാണ് യു.എ.ഇ ഭരണകൂടം സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയത്. നാട്ടിലെത്താൻ വഴിയില്ലാതെ വലഞ്ഞ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ നടപടിയായിരുന്നു ഇത്. ഡിസംബർ 31 വരെ നീട്ടി നൽകുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്ക് യാത്രക്കാരുമായി വിമാനങ്ങൾ സർവീസ് തുടങ്ങിയതോടെ ഇളവ് ആഗസ്റ്റ് പത്തായി ചുരുക്കുകയായിരുന്നു. മാർച്ച് ഒന്നിന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ആനുകൂല്യം നൽകിയത്. ഇതുവഴി അഞ്ച് മാസത്തോളം യു.എ.ഇയിൽ സൗജന്യമായി നിൽക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിച്ചത്. ഇൗ അവസരം ഉപയോഗിച്ച് തൊഴിൽ അന്വേഷണത്തിന് പ്രവാസികൾ യു.എ.ഇയിൽ തുടർന്നു. ഉടൻ നാട്ടിലെത്തേണ്ടിയിരുന്ന കുടുംബങ്ങൾ പോലും യു.എ.ഇയിൽ തുടരാൻ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്നതിെൻറ തൊട്ടുമുൻപത്തെ ദിവസങ്ങളിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിലും ഇത്തരക്കാർ ധാരാളമുണ്ടായിരുന്നു.
മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. ഈ കാലാവധിക്ക് ഇതുവരെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

