പെരുന്നാൾ ആഘോഷങ്ങളിലേക്കൊരുങ്ങി യു.എ.ഇ
text_fieldsഈദുൽ ഫിത്ർ ആഘോഷത്തിന് മുന്നോടിയായി അലങ്കരിച്ച അബൂദബിയിലെ തെരുവ്
ദുബൈ: വ്രതവിശുദ്ധിയുടെ രാപ്പകലുകൾക്കുശേഷം കടന്നുവരുന്ന ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി നാടും നഗരവും. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കുന്ന പെരുന്നാൾ നമസ്കാരത്തിനും പ്രഭാഷണത്തിനും ശേഷമാണ് മറ്റു ആഘോഷങ്ങൾ ആരംഭിക്കുക.
നമസ്കാരത്തിന് മുമ്പു തന്നെ വിശ്വാസികളുടെ നിർബന്ധ ബാധ്യതയായ ഫിത്ർ സകാത് നൽകണം. ഇതിനായി സർക്കാർ സംവിധാനങ്ങൾ നേരത്തെ തന്നെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ മലയാളി ഈദ് ഗാഹുകൾ ഒരുക്കിയിട്ടുണ്ട്. നമസ്കാരത്തിനുശേഷം ചില സ്ഥലങ്ങളിൽ ഈദ് പീരങ്കികൾ മുഴങ്ങും.
പരമ്പരാഗത ഇമാറാത്തി സംസ്കാരത്തിന്റെ ഭാഗമായാണ് പീരങ്കി മുഴക്കുന്നത്. ദുബൈയിൽ സഅബീൽ ഗ്രാൻഡ് മോസ്ക്, നാദൽ ശിബ ഈദ് ഗാഹ്, നാദൽ ഹമർ ഈദ് ഗാഹ്, അൽബർഷ, ഉമ്മു സുഖൈം, ഹത്ത എന്നിവിടങ്ങളിൽ പീരങ്കി മുഴക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നു ദിവസത്തെ പെരുന്നാൾ അവധി ദിനങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മാളുകളിലും കൂടുതൽ സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പെരുന്നാൾ തിരക്ക് മുന്നിൽക്കണ്ട് ദുബൈ മെട്രോ അടക്കമുള്ള സംവിധാനങ്ങൾ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. പൊലീസ് സംവിധാനങ്ങൾ സുരക്ഷാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു.
34 സമുദ്ര സുരക്ഷ ബോട്ടുകൾ, രണ്ട് ഹെലികോപ്ടറുകൾ, 138 ആംബുലൻസുകൾ, 10 മറൈൻ റെസ്ക്യു ബോട്ടുകൾ, 51 ബൈസിക്കിൾ പട്രോളിങ് വാഹനങ്ങൾ, 471 പൊലീസ് പട്രോളിങ് വാഹനങ്ങൾ, 68 സിവിൽ ഡിഫൻസ് വാഹനങ്ങൾ, 24 ചെറിയ ട്രക്കുകൾ, 21 ഓഫ് റോഡ് റെസ്ക്യു വാഹനങ്ങൾ, അഞ്ച് ദ്രുത പ്രതികരണ വാഹനങ്ങൾ, അഞ്ച് ഓപറേഷൻ റൂമുകൾ എന്നിവയാണ് ദുബൈയിൽ മാത്രം സുരക്ഷക്കായി സജ്ജമാക്കിയത്.
റോഡുകളിൽ വേഗപരിധി പാലിക്കണമെന്നും അപകടകരമായ ഡൈവിങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നിർദേശത്തിൽ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബീച്ചുകളിലേക്ക് പോകുന്നവർ കുട്ടികളെ ശ്രദ്ധിക്കണമെന്നും പടക്കം ഉപയോഗിക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ ദുബൈയിലും ഷാർജയിലും പൊതു പാർക്കിങ് സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ശവ്വാൽ ഒന്നുമുതൽ മൂന്നുവരെയാണ് ഈദ് അവധി ദിനങ്ങൾ. ശനിയാഴ്ച മാസപ്പിറവി കണ്ട സാഹചര്യത്തിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി ലഭിക്കുക. ശവ്വാൽ നാല്(ബുധൻ) മുതൽ പാർക്കിങ് ഫീസ് വീണ്ടും ഈടാക്കിത്തുടങ്ങും.
പെരുന്നാളിനോട് അനുബന്ധിച്ച് ദുബൈ മെട്രോയുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ അഞ്ചുമുതൽ പുലർച്ച ഒന്നു വരെയും ഞായറാഴ്ച രാവിലെ എട്ടുമുതൽ പുലർച്ച ഒന്നുവരെയും തിങ്കൾ മുതൽ ബുധൻ വരെ രാവിലെ അഞ്ച് മുതൽ പുലർച്ച ഒന്നുവരെയുമാണ് മെട്രോ സർവിസ് നടത്തുക.
അതേസമയം ദുബൈ ട്രാം ശനിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറു മുതൽ പുലർച്ച ഒന്നുവരെ സർവിസ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിനാണ് ട്രാം സർവിസ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

