യു.എ.ഇയുടെ ഗസ്സ സഹായക്കപ്പൽ ഈജിപ്ത് തുറമുഖത്തെത്തി
text_fieldsഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തിയ യു.എ.ഇയുടെ ഗസ്സ സഹായക്കപ്പൽ
ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായവസ്തുക്കളുമായി പുറപ്പെട്ട യു.എ.ഇയുടെ കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ആദരവായി അദ്ദേഹത്തിന്റെ പേര് നൽകിയ കപ്പലിൽ 7,300ലേറെ ടൺ സഹായ വസ്തുക്കളാണുള്ളത്.
അവശ്യ ഭക്ഷ്യവസ്തുക്കൾ, താമസസൗകര്യത്തിനും തണുപ്പുകാല വസ്ത്രങ്ങളും, കുട്ടികൾക്കും സ്ത്രീകൾക്കും ആവശ്യമായ പോഷക സപ്ലിമെന്റുകൾ എന്നിവ കപ്പലിൽ എത്തിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രഖ്യാപിച്ച യു.എ.ഇയുടെ ഗാലന്റ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായം എത്തിക്കുന്നത്.
അൽ ആരിഷിൽ നിന്ന് സഹായവസ്തുക്കൾ ബന്ധപ്പെട്ട സംവിധാനങ്ങളുമായി ഏകോപിച്ച് ഗസ്സയിലെത്തിക്കും. എമിറേറ്റ്സ് റെഡ് ക്രസന്റിന്റെയും മറ്റു ജീവകാരുണ്യ സംവിധാനങ്ങളുടെയും സഹകരണത്തോടെയാണ് സഹായ വിതരണം നടത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സഹായങ്ങൾ എത്തിക്കുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നായി യു.എൻ നവംബറിൽ യു.എ.ഇയെ വിലയിരുത്തിയിരുന്നു. അന്താരാഷ്ട്ര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2.6 ശതകോടി ഡോളറാണ് രാജ്യം സംഭാവന ചെയ്തത്. ഗസ്സയിൽ യുദ്ധം ആരംഭിച്ചതുമുതൽ നിരവധിയായ സഹായങ്ങൾ യു.എ.ഇ എത്തിക്കുന്നുണ്ട്. അതുകൂടാതെ നിരവധി രോഗികളെയും പരിക്കേറ്റവരെയും ഗസ്സയിൽനിന്ന് യു.എ.ഇയിൽ എത്തിച്ച് ചികിൽസ ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

