യു.എ.ഇ ഇന്ധനവില ആഗോള ശരാശരിയെക്കാൾ കുറവ്
text_fieldsദുബൈ: നവംബർ മാസത്തെ ഇന്ധനവിലയിൽ നേരിയ വർധനയുണ്ടായെങ്കിലും ആശങ്കയില്ലാതെ താമസക്കാർ. കഴിഞ്ഞ മൂന്നു മാസത്തെ വിലക്കുറവിനുശേഷം പുതിയ നിരക്ക് പ്രഖ്യാപിച്ചപ്പോൾ 29 ഫിൽസ് വരെയാണ് വർധനയുണ്ടായത്.
എന്നാൽ, രാജ്യത്തെ നിരക്ക് പെട്രോൾ വിലയുടെ ആഗോള ശരാശരിയെക്കാൾ 30 ശതമാനം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ 24ലെ കണക്കു പ്രകാരം ആഗോള ഇന്ധനവിലയുടെ ശരാശരി 4.74 ദിർഹമാണ്.
എന്നാൽ, യു.എ.ഇയിൽ സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.32 ദിർഹമാണുള്ളത്. കഴിഞ്ഞ മാസം ഇത് 3.03 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോൾ ലിറ്ററിന് 2.92 ദിർഹമിൽനിന്ന് 3.20 ദിർഹമായി ഉയർന്നിട്ടുണ്ട്. 2.85 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ വില 3.13 ദിർഹമായി. ഡീസൽ വില 3.76ൽ നിന്ന് 4.01 ദിർഹമായും ഉയർന്നു. പുതിയ മാറ്റം ചില മേഖലകളിൽ നേരിയ വിലവർധനക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാധാരണ ഒരു വാഹനത്തിൽ ഫുൾ ടാങ്ക് അടിക്കുമ്പോൾ 20 ദിർഹം വരെ പുതിയ മാസത്തിൽ അധികം നൽകേണ്ടിവരും. ഇതിലൂടെ ടാക്സി ചാർജുകൾ, ചില അവശ്യവസ്തുക്കൾ എന്നിവയുടെ വില വർധിക്കുമെന്ന് കരുതുന്നു. എന്നാൽ, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ വർധനയില്ലാത്തത് ആശ്വാസകരമാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു.
സെപ്റ്റംബറിൽ സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 3.41 ദിർഹമായിരുന്നു. മേയ് മാസത്തിൽ ആരംഭിച്ച ഇന്ധന വിലവർധന ജൂണിലും ജൂലൈയിലും കുത്തനെ വർധിച്ചത് ആശങ്കക്കിടയാക്കിയിരുന്നു. ജൂലൈയിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.63 ദിർഹം എന്ന സർവകാല റെക്കോഡിലെത്തുകയും ചെയ്തു.
ഇന്ധന വിലവർധന വിവിധ മേഖലകളിൽ പ്രതിഫലിച്ചതോടെ സാമ്പത്തിക ഞെരുക്കം പല കുടുംബങ്ങളെയും പ്രയാസത്തിലാക്കിയിരുന്നു. എന്നാൽ ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നിരക്ക് കുറഞ്ഞിരുന്നു. ഈ വർഷം മാർച്ചിലാണ് ചരിത്രത്തിൽ ആദ്യമായി യു.എ.ഇയിലെ എണ്ണവില മൂന്നു ദിർഹം പിന്നിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

