വിദേശവ്യാപാരം മൂന്നുലക്ഷം കോടി പിന്നിട്ടു
text_fieldsദുബൈ: യു.എ.ഇയുടെ വിദേശ വ്യാപാരം മൂന്നു ലക്ഷം കോടി ദിർഹം എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകളിലാണ് റെക്കോഡ് നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെയും ആഗോള വ്യാപാര നേതൃത്വത്തെയും ഉറപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.
യു.എ.ഇയുടെ വിദേശവ്യാപാരം ചരിത്രപരമായ ഒരു നാഴികക്കല്ലിലെത്തിയെന്നും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കാണാൻ കഴിയുന്നതെന്നും അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
2024ൽ ആഗോളവ്യാപാരം വെറും രണ്ടു ശതമാനം മാത്രം വളർന്നപ്പോഴാണ് യു.എ.ഇയുടെ വിദേശവ്യാപാരം ഏഴു മടങ്ങ് വികസിച്ചിരിക്കുന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്തിന്റെ ആകെ വിദേശവ്യാപാരം 14.6 ശതമാനമാണ് വളർച്ച കൈവരിച്ചത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) എണ്ണയിതര വ്യാപാര മേഖലയിൽ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ട്.
‘സെപ’ രാജ്യങ്ങളുമായുള്ള എണ്ണയിതര വ്യാപാരം 13,500 കോടി ദിർഹമായാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42 ശതമാനം വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്.
ദേശീയ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഭാഗമായി 2031 ആകുമ്പോഴേക്കും വിദേശ വ്യാപാരം നാലു ലക്ഷം കോടി ദിർഹമിലെത്തിക്കുക എന്ന ലക്ഷ്യമാണ് യു.എ.ഇ നിശ്ചയിച്ചിട്ടുള്ളത്.
ദീർഘകാല വളർച്ചാ സാധ്യതകൾ വർധിപ്പിക്കുന്നതിനായി എണ്ണയിതര മേഖലകൾ വികസിപ്പിക്കുകയും തന്ത്രപരമായ വ്യാപാര പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും മേഖലയിലെ ടൂറിസം, ധനകാര്യ കേന്ദ്രവുമായ യു.എ.ഇ, വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി തുറമുഖങ്ങൾ, വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യാപാര, ലോജിസ്റ്റിക് അടിസ്ഥാന സൗകര്യങ്ങളിലും വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഈ നടപടികളുടെ ഭാഗമായാണ് ഇന്ത്യ, ഇന്തോനേഷ്യ, തുർക്കിയ, ഇസ്രായേൽ, കമ്പോഡിയ, ജോർജിയ തുടങ്ങിയ രാജ്യങ്ങളുമായി ‘സെപ’ ഒപ്പുവെച്ചത്. അവസാനമായി ന്യൂസിലൻഡുമായും മലേഷ്യയുമായും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
യു.എ.ഇയുടെ ഇന്ത്യയുമായുള്ള എണ്ണയിതര വ്യാപാരം കഴിഞ്ഞ വർഷം 20.5 ശതമാനമാണ് വർധിച്ചതെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദി ബുധനാഴ്ച വെളിപ്പെടുത്തി. ഇന്ത്യ-യു.എ.ഇ സെപ കരാർ 2021ലാണ് നിലവിൽ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

