റമദാനിൽ 80 ലക്ഷം പേർക്ക് ഭക്ഷണമെത്തിക്കാൻ യു.എ.ഇ ഫുഡ് ബാങ്ക്
text_fieldsദുബൈ: റമദാനിൽ യു.എ.ഇയിലും വിദേശത്തുമായി 80 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ ഫുഡ് ബാങ്ക്. മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്ന പദ്ധതി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പത്നിയും യു.എ.ഇ ഫുഡ് ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് നടപ്പാക്കുന്നത്.
‘ചാരിറ്റി ഫ്രിഡ്ജ്’, ‘മൈ ഹോം വിത്തൗട്ട് വേസ്റ്റ്’, ‘മീർ അൽ ഖൈർ’, ‘സഅബീൽ ഇഫ്താർ’, ‘റീസൈക്ക്ൾ, റീ ലൈഫ്’ എന്നീ അഞ്ച് പ്രധാന സംരംഭങ്ങളിലൂടെയാണ് അധിക ഭക്ഷണം ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. പൊതുമേഖലയും സ്വകാര്യമേഖലയും പങ്കാളിത്തത്തിലൂടെയാണ് അധികഭക്ഷണം ശേഖരിച്ച്, കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ‘ചാരിറ്റി ഫ്രിഡ്ജ്’ പദ്ധതിയിലൂടെ ദുബൈയിലെ താമസ മേഖലകളിൽ ഫ്രിഡ്ജുകൾ സ്ഥാപിച്ച് ഇഫ്താർ, അത്താഴ സമയങ്ങളിൽ ശേഷിക്കുന്ന ഭക്ഷണം സുരക്ഷിതമായി സംഭാവന ചെയ്യാൻ സൗകര്യമൊരുക്കും.
‘മൈ ഹോം വിത്തൗട്ട് വേസ്റ്റ്’ പദ്ധതിയിൽ വീട്ടമ്മമാർക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഭക്ഷണം സംരക്ഷിക്കാനും പാഴാക്കൽ കുറക്കാനും സഹായിക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ‘മീർ അൽ ഖൈർ’ സംരംഭത്തിലൂടെ ആവശ്യക്കാരായ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യും. ‘സഅബീൽ ഇഫ്താർ’ വഴി സഅബീൽ പാർക്കിൽ തൊഴിലാളികൾക്കായി കൂട്ട ഇഫ്താർ സംഘടിപ്പിക്കും.
കൂടാതെ, ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കുന്നതിനുള്ള ദേശീയ പദ്ധതിയായ ‘നിഅ്മ’യുമായി സഹകരിച്ച് ‘റീസൈക്ക്ൾ, റീ ലൈഫ്’ സംരംഭം നടപ്പാക്കി ഹോട്ടലുകളിൽ നിന്നുള്ള ശേഷിച്ച ഭക്ഷണം പുനർവിതരണം ചെയ്യുകയും ഉപയോഗിക്കാൻ കഴിയാത്ത ഭക്ഷ്യാവശിഷ്ടങ്ങൾ ജൈവവളമായി മാറ്റുകയും ചെയ്യും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യനഷ്ടം കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറക്കുക, പരിസ്ഥിതി സൗഹൃദമായ സർക്കുലർ ഇക്കോണമി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പനിന്റെ പ്രധാന ലക്ഷ്യങ്ങൾ. സമൂഹപങ്കാളിത്തവും സ്വയം സേവനവും ശക്തിപ്പെടുത്തി ലോകമെമ്പാടുമുള്ള അർഹരായ സമൂഹങ്ങൾക്ക് ദീർഘകാല മാനഷിക പിന്തുണ നൽകുകയാണ് യു.എ.ഇ ഫുഡ് ബാങ്കിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

