പൈലറ്റില്ലാ കാർഗോ വിമാനം പറത്തി യു.എ.ഇ
text_fieldsഅബൂദബി: പൈലറ്റില്ലാതെ സ്വയം നിയന്ത്രിച്ച് പറക്കുന്ന കാര്‍ഗോ വിമാനം വിജയകരമായി പരീക്ഷിച്ച് യു.എ.ഇ. ആദ്യമായാണ് യു.എ.ഇ വികസിപ്പിച്ച ‘ഹിലി’ എന്ന കാര്‍ഗോ വിമാനം പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യവസായികാടിസ്ഥാനത്തില്‍ ചരക്കുഗതാഗതത്തിന് ഈ ആളില്ലാ വിമാനം ഉപയോഗിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ഈ പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന വിമാനം പൂര്‍ണമായും വികസിപ്പിച്ചത് അബൂദബിയിലാണ്. അല്‍ ഐന്‍ മേഖലയിലെ എമിറേറ്റ്സ് ഫാല്‍കണ്‍സ് ഏവിയേഷന്‍ കേന്ദ്രത്തിലായിരുന്നു അബൂദബി ഓട്ടോണമസ് വാരത്തോടനുബന്ധിച്ച് ‘ഹിലി’ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.
250 കിലോഗ്രാം ഭാരം വഹിച്ച് 700 കിലോമീറ്ററോളം ദൂരം ‘ഹിലി’ വിമാനത്തിന് പറക്കാനാവും. വ്യോമചരക്ക് നീക്കം കാര്യക്ഷമമായും സുരക്ഷിതമായും നിര്‍വഹിക്കാന്‍ പൈലറ്റില്ലാ വിമാനത്തിന് കഴിയും.
‘ഹിലി’യുടെ വിജയകരമായ ആദ്യ യാത്ര അബൂദബിയുടെ ഭരണകര്‍ത്താക്കളുടെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമാണെന്ന് ശൈഖ് സായിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു. ഇത്തരം സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിന് നല്കുന്ന സ്മാര്‍ട്ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സിലിന്റെ പിന്തുണക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
സുരക്ഷ, കൃത്യത, ഗുണനിലവാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തീവ്രമായ ഒരു എന്‍ജിനീയറിങ് പ്രോഗ്രാമിന് കീഴിലാണ് ‘ഹിലി’ വിമാനം വികസിപ്പിച്ചെടുത്തതെന്ന് അധികൃതര്‍ വിശദീകരിച്ചു.
യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ഫൈസല്‍ അബ്ദുല്‍ അസീസ് അല്‍ ബന്നൈ, എല്‍.ഒ.ഡി.ഡി ഓട്ടോണമസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ റാശിദ് അല്‍ മനൈ, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യോമയാന മേഖലയുമായി സഹകരിക്കുന്ന സ്വകാര്യ കമ്പനികളില്‍നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

