സാഭിമാനം, സാഘോഷം; പ്രൗഢഗംഭീരമായി യു.എ.ഇ ദേശീയ പതാക ദിനാഘോഷം
text_fieldsദുബൈ: അഭിമാനവും ആദരവും ചേർന്ന ആഘോഷമായി യു.എ.ഇ ദേശീയ പതാക ദിനാചരണം. ലോകത്തിനു മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന യു.എ.ഇ എന്ന മഹത്തായ രാജ്യത്തിന്‍റെ 55-ാമത് പതാകദിനാഘോഷം രാജ്യമൊട്ടുക്കും സമുചിതമായി കൊണ്ടാടി. പൗരന്മാരും താമസക്കാരുമടക്കം ഈ മണ്ണിൽ അഭിമാനകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ലക്ഷക്കണക്കിനാളുകൾ ഐക്യത്തോടെയും ആദരവോടെയും ദേശീയ പതാകയെ വാനിലുയർത്തി.
ആഘോഷങ്ങളുടെ ഭാഗമായി അബൂദബി ഖസ്ർ അൽ ഹുസ്നിൽ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ദേശീയ പതാകയുയർത്തി. രാജ്യത്തിന്‍റെ ഐക്യം, പരമാധികാരം, ദേശീയ അഭിമാനം എന്നിവയുടെ പ്രതീകമായ പതാകയെ ആദരിച്ചുകൊണ്ട് ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 55 പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ഇത്തവണത്തെ പതാക ദിനാഘോഷത്തെ ശ്രദ്ധേയമാക്കി. യു.എ.ഇ രൂപീകൃതമായിട്ട് 55 വർഷം തികയുന്നതിനെ പ്രതിനിധീകരിച്ചാണ് 55 പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. രാജ്യത്തിന്‍റെ വളർച്ചയിലും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും ഭരണകൂടത്തിനുള്ള പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു ഇവരുടെ പങ്കാളിത്തം.
പ്രൗഢഗംഭീരമായാണ് ദേശീയ പതാക ദിനത്തെ രാജ്യം വരവേറ്റത്. എല്ലാ എമിറേറ്റുകളിലെയും മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, വീടുകൾ എന്നിവക്ക് മുകളിൽ ദേശീയ പതാക ഉയർത്തിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
പതാക ദിനത്തോടനുബന്ധിച്ച് യു.എ.ഇ ഭരണാധികാരികൾ രാജ്യത്തിന് ആശംസകൾ നേർന്നു. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾ എന്നിവർ രാജ്യത്തിന്‍റെ പുരോഗതിയെക്കുറിച്ചും മുൻഗാമികൾ കാണിച്ചുതന്ന പാത പിന്തുടരേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ഓർമിപ്പിച്ചു.
പൊലീസ് വകുപ്പുകൾ, മന്ത്രാലയങ്ങൾ, വിദേശകാര്യ വകുപ്പുകൾ തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങൾ പതാക ദിനാഘോഷത്തിൽ സജീവമായി പങ്കെടുത്തു. രാജ്യ പുരോഗതിക്കും സുരക്ഷക്കും തങ്ങൾ നൽകുന്ന പിന്തുണ ഇതോടൊപ്പം അവർ ആവർത്തിച്ചു വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ദിനം വിപുലമായി ആഘോഷിച്ചു. സ്കൂളുകളിലും സർവകലാശാലകളിലും നടന്ന വിവിധ പരിപാടികളിലൂടെ പുതിയ തലമുറക്ക് ദേശീയ പതാകയുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ചും മുന്നേറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ അവസരം ലഭിച്ചു.
സഹിഷ്ണുതയും പരസ്പര ബഹുമാനവും ഉയർത്തിപ്പിടിക്കുന്ന യു.എ.ഇയുടെ ബഹുസംസ്കാര സമൂഹത്തെ പ്രതിനിധീകരിക്കുന്നതായിരുന്നു ഈ ദിനം. രാഷ്‌ട്രപിതാക്കന്മാരുടെ ദീർഘവീക്ഷണവും ഭാവി തലമുറയുടെ പങ്കാളിത്തവും ചേർന്ന് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന ഓർമപ്പെടുത്തലോടെയാണ് ആഘോഷങ്ങൾ പൂർത്തിയായത്.
55 വർഷങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തികൾക്കൊപ്പം ഖസ്ർ അൽ ഹുസ്നിൽ പതാകയുയർത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. രാഷ്ട്രപിതാവ് അന്തരിച്ച ശൈഖ് സായിദും മറ്റ് ഭരണാധികാരികളും ചേർന്ന് തുടക്കം കുറിച്ച യാത്രയെ അനുസ്മരിച്ച അദ്ദേഹം, ജനങ്ങളുടെ നിശ്ചയദാർഢ്യവും സ്വപ്നങ്ങളുമാണ് യു.എ.ഇയുടെ പുരോഗതിക്ക് കരുത്തേകുന്നതെന്നും കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളാണ് യു.എ.ഇയുടെ ഏറ്റവും വലിയ സമ്പത്തെന്നും രാജ്യത്തിന്‍റെ കരുത്തിന്‍റെയും അഭിമാനത്തിന്‍റെയും പ്രധാന സ്രോതസ്സ് അവരാണെന്നും പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി. യു.എ.ഇ പ്രസിഡന്‍റിനൊപ്പം ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ 55 പ്രതിഭകളും അഭിമാനം രേഖപ്പെടുത്തി.

