േപാലീസെത്താൻ കാക്കാതെ രക്ഷാ പ്രവർത്തനം; ആംബുലൻസ് ജീവനക്കാർ രക്ഷിച്ചത് മൂന്ന് ജീവിതങ്ങൾ
text_fieldsദുബൈ: സത്കർമങ്ങൾക്ക് ഏറെ ഇരട്ടി പുണ്യം ലഭിക്കുന്ന മാസമാണ് റമദാൻ. ദുബൈ ആംബുലൻസ് സേവന കോർപറേഷൻ (ഡി.സി.എ.എസ്) ജീവനക്കാരായ ജലാൽ അബാദിയും നാസർ അൽ മർസൂഖിയും റമദാനെ വരവേറ്റതു തന്നെ മൂന്നു മനുഷ്യ ജീവനുകൾ രക്ഷിക്കുക എന്ന ഉൽകൃഷ്ഠമായ നൻമയിലൂടെയാണ്.
വെള്ളിയാഴ്ച അൽ മനാറിലെ സ്വദേശി വില്ലയിലാണ് തീ പിടിത്തമുണ്ടായത്.
പുകയും തീയും പടരുന്നതിനാൽ അകത്തു നിന്ന് രക്ഷപ്പെടാൻ നിവൃത്തിയില്ലാതെ കുട്ടികളും സ്ത്രീയും നിലവിളിക്കുന്നതു കേട്ടാണ് ഇവരുവരും പാഞ്ഞെത്തിയത്. സംഭവമറിഞ്ഞാലുടൻ സിവിൽ ഡിഫൻസ് കുതിച്ചെത്തുമെന്ന് ഉറപ്പുണ്ടെങ്കിലും രക്ഷാ പ്രവർത്തനം ആരംഭിക്കാൻ വൈകിക്കേണ്ടതില്ല എന്ന് ഇവർ തീരുമാനിക്കുകയായിരുന്നു. അഞ്ചു പേർ അപ്പോഴേക്കും വീട്ടിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഒരു കുട്ടിയടക്കം ചിലർ വീട്ടിനുള്ളിലുണ്ടെന്ന് വിവരം ലഭിച്ചു. വീട്ടിലെ ആയ ബാൽക്കണിയിൽ നിന്ന് സഹായത്തിനായി വിളിച്ചു കരയുന്നുമുണ്ടായിരുന്നു.
അൽ മർസൂഖി ആയയേയും പെൺകുട്ടിയെ അബാദിയും രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. വീട്ടിനുള്ളിൽ പ്രായമായ ഒരു മുത്തശ്ശി കൂടി പെട്ടിട്ടുണ്ട് എന്ന വിവരം ഇവരിൽ നിന്നാണ് ലഭിച്ചത്. കത്തിയാളുന്ന വീട്ടിനുള്ളിൽ കടന്ന് വയോധികയെയും പുറത്തു െകാണ്ടുവന്നു. ശരീരത്തിൽ ചെറു മുറിവുകളും പുക അകത്തു ചെന്ന് ശ്വാസ തടസവും നേരിട്ട മൂന്നു പേർക്കും പ്രഥമ ശുശ്രൂഷ നൽകി റാശിദ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സുഗന്ധം പുകക്കുന്ന പാത്രത്തിൽ നിന്ന് തീ പടർന്നതാണ് അപകട കാരണമായതെന്ന് ഇവർ പറഞ്ഞു. ഒാവനുകളിൽ നിന്നും കുന്തിരിക്കവും ഉൗദും മറ്റും പുകക്കുന്ന ഇത്തരം പാത്രങ്ങളിൽ നിന്നും തീപിടിത്തമുണ്ടാവുന്നത് സൂക്ഷിക്കണമെന്ന് ദുബൈ സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകുന്നു. കഴിഞ്ഞ നോമ്പുകാലത്ത് 15 തീപിടുത്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
