കെട്ടിടങ്ങളിലെ തീ അണക്കാനുള്ള ചെലവ് ഉടമകൾ നൽകണം
text_fieldsഅബൂദബി: അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യാത്ത കെട്ടിടങ്ങളിലും യന്ത്രസംവിധാനങ്ങളിലുമൊക്കെ പടരുന്ന തീയണക്കാൻ സിവിൽ ഡിഫൻസിന് ചെലവാകുന്ന തുക ഉടമകളിൽനിന്ന് തന്നെ ഇൗടാക്കാൻ ഉത്തരവ്. പരമാവധി 50,000 ദിർഹമാണ് തീയണക്കാനുള്ള ചെലവായി അടക്കേണ്ടി വരിക. 2012ലെ 24ാം നമ്പർ മന്ത്രിസഭാ ഉത്തരവ് ഭേദഗതി ചെയ്താണ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ പുതിയ നിയമം പാസാക്കിയത്. ഭേദഗതി നിർദേശങ്ങളുള്ള പുതിയ മന്ത്രിസഭാ ഉത്തരവ് ഒൗദ്യോഗിക വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ ഫെഡറൽ^തേദ്ദശീയ സ്ഥാപനങ്ങൾ എല്ലാ കെട്ടിട നിർമാണ പദ്ധതികളും കെട്ടിടങ്ങളുടെ എൻജിനീയറിങ് ഡിസൈനും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നും നിയമത്തിൽ പറയുന്നു. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നൽകുന്ന നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റില്ലാത്ത ഒരു കെട്ടിടത്തിനും ജല^വൈദ്യുതി കണക്ഷനുകൾ നൽകാൻ പാടില്ല. സുരക്ഷാ സംവിധാന സർട്ടിഫിക്കറ്റ് കൂടെ വെക്കാത്ത ലൈസൻസ് അപേക്ഷകളും ലൈസൻസ് പുതുക്കാനുള്ള അപേക്ഷകളും നിരസിക്കും.
സിവിൽ ഡിഫൻസ് ജനറൽ അതോറിറ്റിയുടെ നിർമാണ പൂർത്തീകരണ സർട്ടിഫിക്കറ്റില്ലാത്ത ഒരു െകട്ടിടത്തിനും ഇൻഷുറൻസ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യുന്നതിൽനിന്ന് ഇൻഷുറൻസ് കമ്പനികളെ നിയമം വിലക്കുന്നു. കെട്ടിടങ്ങളുടെ ഇൻഷുറൻസ് പദ്ധതികളുടെ പകർപ്പ് പദ്ധതിയിൽ ചേർന്ന് ഒരാഴ്ചക്കകം സിവിൽ ഡിഫൻസ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ സമർപ്പിക്കണം. ഇൻഷുർ ചെയ്ത കെട്ടിടങ്ങളുടെയും സംവിധാനങ്ങളുടെയും അർധ വാർഷിക റിപ്പോർട്ട് സിവിൽ ഡിഫൻസ് പബ്ലിക് അഡ്മിനിസ്ട്രേഷന് ലഭ്യമാക്കണമെന്നും നിയമം അനുശാസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
