നിയമം ലംഘിച്ച് കറങ്ങിയാൽ പിഴ നൽകേണ്ടി വരും, കനത്ത പിഴ
text_fieldsദുബൈ: രോഗം പകരുവാനുള്ള ചെറിയൊരു സാധ്യത സൃഷ്ടിക്കുന്നവർക്കെതിരെ പോലും കനത്ത ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. പകർച്ചവ്യാധി തടയുന്നതിനും പൊതുജന ആരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇൗ നടപടികൾ. സമ്പർക്ക വിലക്ക് ലംഘിച്ച് നടക്കുന്നവർക്ക് അരലക്ഷം ദിർഹം (10 ലക്ഷം രൂപ) പിഴ ചുമത്താനാണ് തീരുമാനം. ജോലി ആവശ്യത്തിനോ അവശ്യവസ്തുക്കളോ വാങ്ങുവാനല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ രണ്ടായിരം ദിർഹം ചുമത്തും.
അനാവശ്യമായി ആശുപത്രികളിൽ പോകുന്നതു പോലും പിഴ കിട്ടാൻ വഴിവെക്കും. സ്വന്തം വാഹനമാണെങ്കിൽ പോലും മൂന്നിലേറെ പേർ യാത്ര ചെയ്താൽ നൽകണം ആയിരം ദിർഹം ഫൈൻ. ഇൗ കുറ്റങ്ങൾ ആവർത്തിച്ചാൽ പിന്നെ ഇരട്ടിത്തുക പിഴയായി ഇൗടാക്കും. പിന്നെയും ചെയ്തുവെന്നു വന്നാൽ പ്രോസിക്യുഷൻ നടപടികൾ ആരംഭിക്കും.മന്ത്രിസഭാ തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ യു.എ.ഇ അറ്റോണി ജനറൽ പ്രഖ്യാപിച്ചതാണിത്. മാർച്ച് 26 മുതൽ ഇൗ നിയമത്തിന് പ്രാബല്യമുണ്ട്.
നിർദേശിച്ച മരുന്ന് കഴിക്കാതെ, ആശുപത്രിയിൽ കിടക്കാതെ നടക്കുന്നവർക്ക് അര ലക്ഷം പിഴ ചുമത്തും. അധികൃതർ നിർദേശിച്ചതു പ്രകാരം അടച്ചിടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാശാലകൾ, ജിംനേഷ്യം,ക്ലബുകൾ, മാർക്കറ്റുകൾ, പാർക്ക്, കഫേ, റസ്റ്ററൻറുകൾ, ഷോപ്പിങ് മാളുകൾ എന്നിവക്കെല്ലാം അര ലക്ഷം ചുമത്തും. ഇവിടെ സന്ദർശനം നടത്തുന്നവരും 500 ദിർഹം വീതം പിഴ നൽകേണ്ടി വരും.
കൂട്ടായ്മകൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ എന്നിവ നടത്തിയാൽ പതിനായിരം ദിർഹമാണ് പിഴ. പെങ്കടുക്കാനെത്തിയവർ അയ്യായിരം വീതം നൽകേണ്ടി വരും. പകർച്ച വ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് ആരോഗ്യമന്ത്രാലയം നിർദേശിച്ച മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രണ്ടായിരം ദിർഹം ചുമത്തും.താൽകാലിക അടച്ചിടലിൽ നിന്ന് ഒഴിവാക്കിക്കൊടുത്ത സ്ഥലങ്ങളിൽ ആേരാഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിട്ടില്ലെങ്കിൽ 3000 ദിർഹം പിഴ ഇൗടാക്കും.
രോഗാണുകലർന്നതോ കലരാൻ സാധ്യതയുള്ളതോ ആയ വസ്ത്രങ്ങൾ, ലഗേജുകൾ തുടങ്ങിയവ കൃത്യമായ അണുനാശനം നടത്തുകയോ അതിനാവുന്നില്ലെങ്കിൽ നശിപ്പിക്കുകയോ വേണം. അല്ലാത്ത പക്ഷം 3000 ദിർഹം പിഴ നൽകേണ്ടി വരും. കപ്പലിൽ വേണ്ടത്ര മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ 10000 ദിർഹം പിഴയുണ്ട്. അണുനശീകരണ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്ക് അയ്യായിരം ദിർഹം പിഴ ചുമത്തും. അനാവശ്യമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്നതും ഒഴിവാക്കണം. ആയിരം ദിർഹം പിഴ നൽകേണ്ടി വരും. ആവശ്യപ്പെട്ടിട്ടും ആരോഗ്യപരിശോധന നടത്താൻ കൂട്ടാക്കാതെ വന്നാൽ അയ്യായിരം ദിർഹമാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
