ഗസ്സയിൽ യു.എ.ഇയുടെ ഫീൽഡ് ആശുപത്രിക്ക് തുടക്കം
text_fieldsഗസ്സയിൽ ആരംഭിച്ച ഫീൽഡ് ആശുപത്രി
ദുബൈ: ഗസ്സയിൽ യു.എ.ഇയുടെ സംയോജിത ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചു. ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രി സ്ഥാപിച്ചിട്ടുള്ളത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായാണ് ഈ സംരംഭം ഒരുക്കിയത്. ഫീൽഡ് ആശുപത്രിയിലേക്ക് ആവശ്യമായ ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും നേരത്തേ ഈജിപ്തിൽ എത്തിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയിലെ താൽകാലിക വെടിനിർത്തൽ സമയത്താണ് ഇത് അതിർത്തി കടന്ന് ഗസ്സയിലെത്തിക്കാനായത്.
150 കിടക്കകളുള്ള ഫീൽഡ് ആശുപത്രിയാണ് ഒന്നിലധികം ഘട്ടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും തീവ്രപരിചരണ വിഭാഗം, അനസ്തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, ഗൈനക്കോളജി എന്നീ വകുപ്പുകൾ ആശുപത്രിയിൽ സജ്ജീകരിക്കും. ഇന്റേണൽ മെഡിസിൻ, ദന്തചികിത്സ, സൈക്യാട്രി, ഫാമിലി മെഡിസിൻ എന്നിവക്കുള്ള ക്ലിനിക്കുകളും ഇവിടെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. സി.ടി സ്കാനിങ്, ലബോറട്ടറി, ഫാർമസി, മറ്റ് മെഡിക്കൽ സഹായ സംവിധാനങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളടക്കമുള്ളവരുമായി നാലാമത് വിമാനം കഴിഞ്ഞ ദിവസം അബൂദബിയിലെത്തി. 77 കുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് വിമാനത്തിൽ എത്തിയത്. 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗുരുതരമായി പരിക്കേറ്റ കുട്ടികളും കാൻസർ രോഗികളും അടക്കമുള്ളവർ മൂന്ന് വിമാനങ്ങളിലായി നേരത്തേ എത്തിയിരുന്നു.
എമിറേറ്റ്സ് റെഡ് ക്രസന്റ് നേതൃത്വത്തിലാണ് ഗസ്സയിൽ യു.എ.ഇയുടെ ദുരിതാശ്വാസ സംരംഭങ്ങൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം യു.എ.ഇയുടെ 4000 ടൺ സഹായ വസ്തുക്കളുമായി ഫുജൈറയിൽനിന്ന് പ്രത്യേക കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

