Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനുമതിയില്ലാതെ ഓണ്‍ലൈന്‍ ഫത്‍വ വേണ്ട; നിയമലംഘകർക്ക് യു.എ.ഇയിൽ 52 ലക്ഷം രൂപ വരെ പിഴ

text_fields
bookmark_border
  • നിയമം ലംഘിച്ചാല്‍ രണ്ടുലക്ഷം ദിര്‍ഹം വരെ പിഴയെന്ന് യു.എ.ഇ ഫത്വ കൗണ്‍സില്‍
അനുമതിയില്ലാതെ ഓണ്‍ലൈന്‍ ഫത്‍വ വേണ്ട; നിയമലംഘകർക്ക് യു.എ.ഇയിൽ 52 ലക്ഷം രൂപ വരെ പിഴ
cancel

അബൂദബി: രാജ്യത്ത് ഔദ്യോഗിക ലൈസന്‍സോ അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫത്വ അക്കൗണ്ടുകള്‍ക്കെതിരെ കടുത്ത നടപടിയുമായി യു.എ.ഇ ഫത്വ കൗണ്‍സില്‍. വ്യവസ്ഥകള്‍ ലംഘിച്ച് വ്യക്തിഗത ഫത്വകളും മതവിധികളും നല്‍കിയ നിരവധി സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കെതിരെ കൗണ്‍സില്‍ നടപടി സ്വീകരിച്ചു. ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്ക് രണ്ടുലക്ഷം ദിര്‍ഹം വരെ പിഴയിടുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും യു.എ.ഇ ഫത്വ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍, ഡിജിറ്റല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവ വഴി ഫത്വ കൗണ്‍സിലിന്റെയോ ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെയോ മുന്‍കൂര്‍ അനുമതിയില്ലാതെ ഫത്വകള്‍ നല്‍കുന്നത് യു.എ.ഇ നിയമപ്രകാരം പൂര്‍ണമായി നിരോധിച്ചതാണ്.

വര്‍ഗീയ വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുന്ന രീതിയിലുള്ള മതവിധികള്‍ ഇറക്കുന്നതും ഫത്വ കൗണ്‍സില്‍ നല്‍കിയ ഔദ്യോഗിക വിധികള്‍ക്കെതിരെ പരസ്യമായി വെല്ലുവിളിയുയര്‍ത്തുന്നതോ സംശയം ജനിപ്പിക്കുന്നതോ ആയ പ്രചാരണങ്ങള്‍ നടത്തുന്നതും ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം നിയമവിരുദ്ധ അക്കൗണ്ടുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ട്.

രാജ്യത്തിന്റെ ഔദ്യോഗിക-മതപരമായ അധികാരവും പൊതുസമൂഹത്തിന്റെ സുരക്ഷയും ഉറപ്പുവരുത്താനും അനിയന്ത്രിത ഫത്വ പ്രചാരണങ്ങള്‍ തടയാനുമാണ് പരിശോധനകള്‍ ശക്തമാക്കുന്നത്. ദൈനംദിന ജീവിതം, ആരാധനകള്‍, കുടുംബകാര്യങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് അംഗീകൃത ഫത്വ സ്ഥാപനങ്ങളെയും ഔദ്യോഗിക പ്ലാറ്റ്ഫോമുകളെയും മാത്രം ആശ്രയിക്കാന്‍ പൊതുജനങ്ങളോട് കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.

ഫത്വ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://fatwauae.gov.ae) വഴി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാണ്. നേരിട്ടുള്ള കൂടിയാലോചനകള്‍, ഫോണ്‍ സേവനങ്ങള്‍, മസ്ജിദുകളിലെയും സെമിനാറുകളിലെയും തത്സമയ ഫത്വ സെഷനുകള്‍ എന്നിവ വഴിയും മതവിധികള്‍ തേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE Fatwa Council takes strict action against online fatwa accounts
Next Story